കോഴിക്കോട്: മത്സരിച്ച ഇനങ്ങളിലെല്ലാമുള്ള ദേവികയുടെ ഹാട്രിക് നേട്ടം ഇതുവരെയാക്കിയ നാട്ടുകാർക്കുള്ള സ്നേഹാർച്ചന കൂടിയാണ്. പ്രാരാബ്ധങ്ങളിൽ നിന്ന് ദേവികയെ കലോത്സവ വേദിയിലെത്തിക്കാൻ നാടൊന്നിച്ചപ്പോൾ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവയിൽ എ ഗ്രേഡ് തിളക്കം.
ഇടുക്കി പടിഞ്ഞാറേ കോടികളം ഗവ.എച്ച്.എസ്.എസിലെ പ്ളസ് ടു കൊമേഴ്സ് വിദ്യാർത്ഥിനി ദേവിക പ്രദീപിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള മുഴുവൻ സഹായവും നൽകിയത് നാട്ടുകാരാണ്. തൊടുപുഴയിലെ ഒറ്റമുറി ബാർബർ ഷോപ്പിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി മകളെ കലോത്സ വേദിയിലെത്തിക്കാനുള്ള പാങ്ങ് അച്ഛൻ പ്രദീപിനില്ലായിരുന്നു. സങ്കടം കണ്ടറിഞ്ഞ
നാട്ടിലെ അൽ എഫ്തൽ ആശുപത്രി ഉടമ മിജാസ് വേഷങ്ങൾ വാങ്ങി നൽകി.
പ്രദീപിന്റെ കൂട്ടുകാരും നാട്ടിലെ ഓട്ടോക്കാരുമൊക്കെ ചേർന്ന് തുക സമാഹരിച്ച് കൈമാറി. ദേവികയ്ക്ക് കോഴിക്കോടൻ വിഭവങ്ങൾ നൽകാൻ മറ്റൊരു സുഹൃത്ത് ചെറുതുക ഗൂഗിൾ പേ ചെയ്ത് നൽകി. കോഴിക്കോടെത്തിയപ്പോൾ സ്നേഹയും പ്രദീപും ഭാര്യ രാജിയും താമസിച്ചത് നാട്ടുകാരന്റെ സഹോദരിയുടെ വീട്ടിൽ. സമ്മാനമാണ് ഏറ്റവും വലിയ ഗുരുദക്ഷിണയെന്ന് പറഞ്ഞ് ഗുരു ഡോ. മഹേഷും മേക്കപ്പ്മാനും ഒരുരൂപപോലും പ്രതിഫലം വാങ്ങിയില്ല. അങ്ങനെ അണമുറിയാത്ത സ്നേഹം ചുറ്റും അനസ്യൂതം പരന്നൊഴുകി.
മൂന്നാം വയസ് മുതൽ നൃത്തം പഠിക്കുന്ന ദേവിക 8, 9 ക്ളാസുകളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. കലാമണ്ഡലത്തിൽ ചേർന്ന് പഠിക്കണമെന്നാണ് ആഗ്രഹം. ഗോപിക, ജ്യോതിക എന്നിവരാണ് സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |