കോഴിക്കോട്: ആറര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോഴിക്കോട്ടെ ഖാസി പരമ്പരയിലെ അവസാനത്തെ കണ്ണി പരപ്പിൽ മൂസ ബറാമിന്റെകത്ത് കെ.വി.ഇമ്പിച്ചമ്മദ് ഹാജി (88) അന്തരിച്ചു. കോഴിക്കോട് ഖാസി പള്ളിവീട്ടിൽ പരേതനായ കെ.വി. മാമുക്കോയയുടെ മകനാണ്. സഹോദരൻ ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ മരണത്തിന് ശേഷം 2009ൽ ഖാസിയായി ചുമതലയേറ്റ അദ്ദേഹം13 വർഷമായി ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി കേന്ദ്രീകരിച്ച് കോഴിക്കോട് മുഖ്യഖാസിപദം വഹിക്കുകയായിരുന്നു. സർക്കാർ അംഗീകരിച്ച ഔദ്യോഗികഖാസിയാണ്.
മാതാവ്: പരേതയായ കാട്ടിൽവീട്ടിൽ കുട്ടിബി. ഭാര്യ:കാമാക്കന്റകത്ത് പുതിയപുരയിൽ (മൂസ ബറാമിന്റകം) കുഞ്ഞിബി. മക്കൾ: മാമുക്കോയ, അലിനാസർ (മസ്‌കറ്റ്), ഹന്നത്ത്,നസീഹത്ത് (അദ്ധ്യാപിക), സുമയ്യ, ആമിനബി. മരുമക്കൾ: പള്ളിവീട്ടിൽ അബ്ദുൽ മാലിക്,നാലകത്ത് അബ്ദുൽ വഹാബ്,മുല്ലാന്റകത്ത് അഹമ്മദ് കബീർ.
സാമൂഹ്യസാംസ്‌കാരിക മേഖലയിലും പൊതുപ്രവർത്തന രംഗത്തും സജീവസാന്നിദ്ധ്യമറിയിച്ച അദ്ദേഹം ഖാസി ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ്. പരമ്പരാഗത ഖാസിമാർ അനുവർത്തിച്ചുവന്ന പോലെ കോഴിക്കോട്ടെ സാമൂതിരി രാജയുമായി നിറഞ്ഞ സൗഹൃദം പുലർത്തിപ്പോന്നിരുന്നു. ഇപ്പോഴത്തെ സാമൂതിരി കെ.സി.ഉണ്ണി അനുജൻ രാജയുമായി നിരവധി ചടങ്ങുകളിൽ വേദി പങ്കിട്ടിട്ടുണ്ട്.
ഖബറടക്കിയശേഷം വൈകിട്ട് അഞ്ചു മണിക്ക് കുറ്റിച്ചിറ സിയസ്‌കൊ ഹാളിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. ഖാസിയോടുള്ള ആദരസൂചകമായി വൈകിട്ട് 3മുതൽ 5 മണി വരെ കുറ്റിച്ചിറയിലും പരിസരങ്ങളിലും കടകളടച്ച് ഹർത്താലാചരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |