കൊല്ലം: ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ മകനും കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എറണാകുളം തേവര ദി ആട്രിയ ഫ്ലാറ്റ് 14 എയിൽ ഷാജി ബേബിജോൺ (65) ബംഗളൂരുവിൽ നിര്യാതനായി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബിജോണിന്റെ ജ്യേഷ്ഠ സഹോദരനാണ്.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള വസതിയിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് 2ന് നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 3.30ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കാരം.
കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സിന്റെ നേതൃത്വത്തിൽ ഷാജി ബേബിജോൺ അക്വാകൾച്ചർ, സീ ഫുഡ് പ്രോസസിംഗ് എന്നീ രംഗങ്ങളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. കയറ്റുമതി മേഖലയിലെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അക്വാകൾച്ചർ ലാഭകരമാക്കാനുള്ള ഇടപെടലും നടത്തിയിട്ടുണ്ട്. മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മാതാവ്: അന്നമ്മ ബേബിജോൺ. ഭാര്യ: റീത്ത. മക്കൾ: ബേബിജോൺ ഷാജി (ബിസിനസ്), പീറ്റർ ജോൺ (കാനഡ). സഹോദരി: ഷീല ജയിംസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |