SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.43 AM IST

കെവിൻ മക്കാർത്തി യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ

kevin

വാഷിംഗ്ടൺ: നാല് ദിവസത്തെ നാടകീയ രംഗങ്ങൾക്കൊടുവിൽ യു.എസ് ജനപ്രതിനിധി സഭയുടെ 55ാം സ്പീക്കറായി റിപ്പബ്ലിക്കൻ പാ‌ർട്ടി നേതാവ് കെവിൻ മക്കാർത്തിയെ തിരഞ്ഞെടുത്തു. യു.എസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് സ്പീക്കറുടേത്.

ഇന്നലെ നടന്ന 15ാം റൗണ്ട് വോട്ടിലൂടെയാണ് ഭൂരിപക്ഷം സ്വന്തമാക്കാൻ മക്കാർത്തിക്കായത്. 216 വോട്ട് നേടിയാണ് മക്കാർത്തിയുടെ ജയം. 428 പേർ വോട്ടിട്ടു. 2019 മുതൽ സഭയിൽ റിപ്പബ്ലിക്കൻമാരുടെ നേതാവായിരുന്നു 57കാരനായ മക്കാർത്തി.

നവംബറിൽ നടന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളെ പരാജയപ്പെടുത്തി 222 സീറ്റോടെ റിപ്പബ്ലിക്കൻമാർ സഭ പിടിച്ചെടുത്തതിന് പിന്നാലെ പാർട്ടിയുടെ ഔദ്യോഗിക സ്പീക്കർ നോമിനിയായി കാലിഫോർണിയയിൽ നിന്നുള്ള സഭാംഗമായ മക്കാർത്തിയെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പാർട്ടിയിലെ കൺസർവേറ്റീവ് വിഭാഗത്തിലെ 20 അംഗങ്ങൾ മക്കാർത്തിയ്ക്കെതിരെ രംഗത്തെത്തി. ഇവർ മക്കാർത്തിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും തങ്ങളുടേതായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും ചെയ്തു.

 വിനയായത് വിമതർ

ചൊവ്വാഴ്ച മുതൽ ആരംഭിച്ച വോട്ടിംഗിൽ വിമതർ മക്കാർത്തിക്ക് എതിരായാണ് വോട്ട് ചെയ്തത്. അതേ സമയം, വെള്ളിയാഴ്ച 12ാം റൗണ്ട് നടത്തിയപ്പോൾ വിമതരിൽ 14 പേർ നിലപാട് മയപ്പെടുത്തി മക്കാർത്തിക്ക് വോട്ട് ചെയ്തു. വിമത നേതാവായ മാറ്റ് ഗേറ്റ്സ് ഒടുവിൽ മക്കാർത്തിക്ക് വോട്ട് ചെയ്യാൻ മറ്റ് വിമതർക്ക് നിർദ്ദേശം നൽകിയതോടെയാണ് മക്കാർത്തി വിജയിച്ചത്.

മക്കാർത്തി അനുകൂലിയായ മൈക്ക് റോജേഴ്സ് സഭയിൽ ഗേറ്റ്സുമായി കടുത്ത വാക്കുതർക്കത്തിലെത്തിയിരുന്നു. ഇതിനിടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഇടപെടലുകളും അവസാന നിമിഷം മക്കാർത്തിക്ക് അനുകൂലമായി.

 100 വർഷത്തിനിടെ ആദ്യം

ജനപ്രതിനിധി സഭയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കറെ തിരഞ്ഞെടുക്കാൻ ഒന്നിലേറെ റൗണ്ടുകൾ വേണ്ടി വന്നത്. സഭയുടെ ചരിത്രത്തില അഞ്ചാമത്തെ നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ കൂടിയായിരുന്നു മക്കാർത്തിയുടേത്. ഭൂരിപക്ഷം നേടിയിട്ടും സ്വന്തം സ്പീക്കർ നോമിനിക്ക് പിന്നിൽ അംഗങ്ങളെ അണിനിരത്താൻ പരാജയപ്പെട്ടത് റിപ്പബ്ലിക്കൻ പാർട്ടിക്ക് തലവേദനയായി.

സഭയിൽ 212 അംഗങ്ങളുള്ള ഡെമോക്രാറ്റുകൾ തങ്ങളുടെ സ്ഥാനാർത്ഥിയും സഭാ നേതാവുമായ ഹാകിം ജെഫ്രീസിന് പിന്നിൽ അവസാന റൗണ്ട് വരെ ഐക്യത്തോടെ അണിനിരന്നു. ചൊവ്വാഴ്ചയാണ് ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി ജനപ്രതിനിധി സഭാ സ്പീക്കർ പദവി ഒഴിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360