ഡോ. ശശി തരൂർ എം.പി തറവാടി നായരാണെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറൽ സ്ഥാനമൊഴിഞ്ഞ് ഇന്ത്യയിൽ രാഷ്ട്രീയം പരീക്ഷിക്കാനായി 2009ൽ തിരുവനന്തപുരത്തെത്തിയ ശശി തരൂരിനെ ഇതേ സുകുമാരൻ നായർ വിശേഷിപ്പിച്ചത് ഡൽഹി നായർ എന്നാണ്. തരൂർ അന്ന് ഡൽഹി വഴിയാണല്ലോ തിരുവനന്തപുരത്ത് കോൺഗ്രസ് ടിക്കറ്റ് ഒപ്പിച്ച് കളത്തിലിറങ്ങിയത്. ഇവിടത്തെ കോൺഗ്രസ് ഭൈമീകാമുകരെയെല്ലാം നിഷ്പ്രഭരാക്കിയിട്ടായിരുന്നു ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ശുപാർശയോടെ തിരുവനന്തപുരത്തെ ലോക്‌സഭാ ടിക്കറ്റ് തരൂർ ഒപ്പിച്ചെടുത്തത്.
തരൂരിന്റെ വ്യക്തിപ്രഭാവവും പാണ്ഡിത്യവും ചെറുപ്പക്കാരിൽ അദ്ദേഹം സൃഷ്ടിച്ച പ്രത്യേക സ്വാധീനവും തിരുവനന്തപുരത്ത് നിഷ്പ്രയാസം ജയിച്ച് കയറാൻ തരൂരിനെ പ്രാപ്തനാക്കി. ജയിച്ച തരൂർ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി.
വിമാനത്തിലെ ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസെന്ന് വിശേഷിപ്പിച്ച് വിവാദം സൃഷ്ടിച്ചു. ഐ.പി.എൽ ക്രിക്കറ്റിലെ വിയർപ്പോഹരി വിവാദവും ഭാര്യ സുനന്ദ പുഷ്കറിന്റെ അകാല നിര്യാണവുമെല്ലാം തരൂരിനെ വല്ലാതെ ബാധിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അദ്ദേഹത്തിന് തുടക്കത്തിലുണ്ടായിരുന്ന ഗ്ലാമർ ചോർത്തി. കഷ്ടിച്ചാണ് വിജയിച്ചത്. ബി.ജെ.പിയിലെ ഒ. രാജഗോപാൽ വിജയത്തോടടുത്ത പരാജയം ഏറ്റുവാങ്ങി. എന്നാൽ ശശി തരൂർ പിന്നീട് തിരിച്ചുവന്നു. പഴയ പ്രതാപം അദ്ദേഹം വീണ്ടെടുത്തു. 2019ൽ ഒരു ലക്ഷത്തിനടുത്ത ഭൂരിപക്ഷത്തിൽ തരൂർ തിരുവനന്തപുരത്ത് വിജയിച്ചു. ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ തലസ്ഥാനത്തെ പാർട്ടി പ്രവർത്തകർ സഹകരിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹമുയർത്തിയത് കോൺഗ്രസിനകത്ത് ചർച്ചയായി. അതൊന്നും വിജയത്തെ ബാധിച്ചില്ല.
പക്ഷേ കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് എക്കാലത്തെയും വലിയ തോൽവി ഏറ്റുവാങ്ങി. രാഹുൽഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനമൊഴിഞ്ഞു. കോൺഗ്രസിന് നേതൃത്വമില്ലെന്ന വിമർശനം പാർട്ടിക്കകത്ത് തന്നെ ഉയരാൻ തുടങ്ങി. ഗ്രൂപ്പ് 23 എന്ന വിഭാഗം ഉദയം ചെയ്തു. അതിൽ പ്രധാനിയായി ശശിതരൂർ എത്തി. ഗുലാം നബി ആസാദും കപിൽ സിബലുമടക്കമുള്ള ചില നേതാക്കൾ ഈ ഗ്രൂപ്പിന്റെ ഭാഗമായിനിന്ന് ഹൈക്കമാൻഡിൽ നിന്ന് കുറേശ്ശെ അകന്ന് പാർട്ടിക്ക് പുറത്തുപോയി.
അങ്ങനെയിരിക്കെ കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിന് സജ്ജമായി. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പാർട്ടി ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ അവതരിപ്പിച്ചു. ഖാർഗെയോട് എതിരിടാൻ ശശിതരൂർ ധൈര്യം കാട്ടി. പാർട്ടിക്കകത്ത് ജനാധിപത്യമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ തന്റെ മത്സരം സഹായിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തരൂരിന്റെ അന്താരാഷ്ട്ര പ്രശസ്തിയും ബെസ്റ്ര് സെല്ലർ എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ കീർത്തിയും സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം വലിയ പിന്തുണ അദ്ദേഹത്തിന് നേടിക്കൊടുത്തു. മിക്ക സംസ്ഥാനങ്ങളിലും അദ്ദേഹം പ്രചരണത്തിനിറങ്ങിയപ്പോൾ വലിയ സ്വീകരണം കിട്ടി. ചെറുപ്പക്കാരിൽ നിന്ന് വലിയ പിന്തുണയായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കേരളത്തിൽനിന്ന് ഒരു വിഭാഗം നേതാക്കൾ പിന്തുണ നൽകി. എം.കെ. രാഘവൻ എം.പി, കെ.എസ്. ശബരിനാഥൻ, തമ്പാനൂർ രവി തുടങ്ങിയവർ. എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂർ പരാജയപ്പെട്ടെങ്കിലും അതിന് തിളക്കമുണ്ടായി. അനുദിനം വളരുന്ന ഇന്ത്യൻ മദ്ധ്യവർഗത്തെ സ്വാധീനിക്കാൻ ശശി തരൂർ നേതൃത്വത്തിലെത്തുന്നത് ഗുണം ചെയ്യുമെന്ന ചർച്ച വ്യാപകമായി.
മല്ലികാർജുൻ ഖാർഗെ മോശം അദ്ധ്യക്ഷനല്ലെന്ന് അദ്ദേഹത്തിന്റെ സമീപകാല ഇടപെടലുകളെല്ലാം വ്യക്തമാക്കിത്തരുന്നുണ്ട്. കോൺഗ്രസിന് ഒരു ചലനാത്മക നേതൃത്വത്തെ കിട്ടിയെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്ത് കോൺഗ്രസിന് പുതിയ ജീവനും ആത്മവിശ്വാസവും ഊർജ്ജവും കൈവരുത്തുന്നുണ്ട്. എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം നേടിയ ജനപ്രീതിയുടെ പരിവേഷവുമായി ശശിതരൂർ കേരളത്തിൽ സ്വന്തം നിലയിൽ ശക്തിപരീക്ഷണത്തിന് തയാറെടുത്തത് സംസ്ഥാന കോൺഗ്രസിനെ പുതിയ വിവാദത്തിലെത്തിച്ചു. കോഴിക്കോട് മുതൽ തരൂർ ആരംഭിച്ച പര്യടനം സംസ്ഥാന പാർട്ടിനേതൃത്വത്തെ അറിയിക്കാതെയാണെന്ന ആക്ഷേപം ഔദ്യോഗിക നേതാക്കൾക്കുണ്ടായി. എന്നാൽ എ വിഭാഗത്തിന്റെ ആശീർവാദത്തോടെയാണ് തരൂരിന്റെ കരുനീക്കങ്ങളെന്ന വ്യാഖ്യാനങ്ങളുമുണ്ടായി. ഉമ്മൻ ചാണ്ടിക്ക് അനാരോഗ്യമായതോടെ അനാഥമായ എ വിഭാഗം തരൂരിൽ പുതിയ നേതാവിനെ കാണുന്നുവെന്ന തരത്തിലായി പ്രചരണം. ഈ ഘട്ടത്തിലാണ് നായർ സമുദായാചാര്യനും നവോത്ഥാന നായകനുമായിരുന്ന മന്നത്ത് പത്മനാഭന്റെ ജയന്തിദിനത്തിൽ എൻ.എസ്.എസ് ആസ്ഥാനത്ത് ശശി തരൂരിനെ ക്ഷണിക്കുന്നത്. തരൂർ ഡൽഹി നായരെന്ന് വിളിച്ച് ആക്ഷേപിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് മനംമാറ്റമുണ്ടായെന്ന വിധത്തിലായി ചർച്ച. സാധാരണ രാഷ്ട്രീയപാർട്ടി നേതാക്കളെ വേദിയിൽ ക്ഷണിക്കുക പതിവില്ലാത്ത എൻ.എസ്.എസ് നേതൃത്വം, എ.കെ. ആന്റണിയെ മാത്രമാണ് അതിൽനിന്ന് വിഭിന്നമായി ജയന്തി സമ്മേളന വേദിയിൽ പങ്കെടുപ്പിച്ചിട്ടുള്ളത്. അതിനുശേഷം ആദ്യമായി ശശി തരൂർ എത്തുന്നത് വലിയ ചർച്ചയായി.
പക്ഷേ തരൂർ ഈ വേദിയിൽ വച്ച് നടത്തിയ പ്രസംഗം അദ്ദേഹത്തെ സാരമായി ബാധിച്ചു. തരൂരിനെപ്പോലെ വിശ്വപൗരനും അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ഗഹനമായ ചിന്തകൾ പങ്കുവയ്ക്കുന്നയാളുമായ തരൂർ ഒരു ശരാശരി കേരളീയ നായരായി തരംതാഴ്ന്നെന്ന വിമർശനമുയർന്നു. മന്നം പണ്ട് പറഞ്ഞ കാര്യം ഉദ്ധരിച്ച് ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന പ്രയോഗം തന്നെ സംബന്ധിച്ചും ശരിയാണെന്ന അദ്ദേഹത്തിന്റെ പരാമർശം ഒരു മാതിരി 'നായര് പിടിച്ച പുലിവാൽ' പോലെ കൊണ്ടുപിടിച്ച ചർച്ചയായി. ഇത് അദ്ദേഹത്തിന് ക്ഷീണമായി മാറി. ഈ സമയത്താണ് ശശി തരൂരിനെ വാനോളം പ്രകീർത്തിച്ച് ജി. സുകുമാരൻ നായർ രംഗത്തെത്തിയത്. അദ്ദേഹം തറവാടി നായരാണെന്ന് പറയുമ്പോൾത്തന്നെ സുകുമാരൻ നായർ മറ്റ് ചില കോൺഗ്രസ് നേതാക്കളെ തള്ളിപ്പറയുകയുമുണ്ടായി. ഫലത്തിൽ കേരളത്തിലെ ബഹുസ്വര സമൂഹത്തിൽ ശശി തരൂർ ഒരു ബ്രാൻഡഡ് നായരായി ചുരുങ്ങിപ്പോയോ എന്ന സന്ദേഹം ശക്തവുമായി.
തരൂർ അടുത്തുതന്നെ വരാനിരിക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ വച്ച് പ്രവർത്തകസമിതിയിൽ അംഗത്വം നേടുമോ എന്നും അദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തപ്പെടുമോ എന്നുമുള്ള ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല.
തരൂരിന്റെ പരിവേഷം
ശശി തരൂരിന്റെ ഗ്രന്ഥങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ പ്രചാരം നേടിയവയാണ്. അദ്ദേഹത്തിന്റെ ആഴത്തിലുള്ള ചിന്തകളും നിരീക്ഷണങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റുന്നു. അറിയപ്പെടുന്ന വാഗ്മി. ലോക്‌സഭയിൽ അദ്ദേഹത്തിന്റെ വാഗ്ധോരണി മുൻനിറുത്തി അദ്ദേഹത്തെ കോൺഗ്രസ് അവിടെ കക്ഷിനേതാവാക്കണമായിരുന്നു എന്ന് ചിന്തിക്കുന്നവർ കോൺഗ്രസിൽ തന്നെയുണ്ട്. അവരെ കുറ്റം പറയാനാവില്ല. ആ പദവിക്ക് അദ്ദേഹം അർഹനാണ്.
ദേശീയ മാദ്ധ്യമങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സംവാദപരിപാടികൾ ഏറെ ആകർഷണീയമാണ്. സാഗരികഘോഷിനെ പോലുള്ള പ്രഗല്‌ഭമതികൾ അദ്ദേഹവുമായി നടത്തുന്ന സംവാദങ്ങൾ ജനത്തെ ഏറെ ആകർഷിക്കുന്നതാണ്. പക്ഷേ കേരളത്തിലെത്തി അദ്ദേഹം മലയാളത്തിൽ നടത്തുന്ന പ്രസംഗങ്ങൾ അത്രത്തോളം വരുന്നില്ലെന്നതാണ് വാസ്തവം. അതിനിടയിലാണ് എൻ.എസ്.എസ് ആസ്ഥാനത്തെത്തി നടത്തിയ പദപ്രയോഗം വിനയായി മാറിയതും.
കോൺഗ്രസിലെ
നായർ സിൻഡ്രോം
2011ലെ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രി വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ ഒരു സമ്മേളനത്തിൽ വച്ച് എൻ.എസ്.എസ് ജനറൽസെക്രട്ടറിയുടെ താക്കോൽസ്ഥാന പരാമർശമുണ്ടായത്. രമേശ് ചെന്നിത്തലയ്ക്ക് താക്കോൽസ്ഥാനത്തിന് അർഹതയുണ്ടെന്ന ധ്വനി നൽകുന്നതായിരുന്നു പരാമർശം. അതിന് ശേഷം ആഭ്യന്തരമന്ത്രി പദത്തിലേക്ക് രമേശ് ചെന്നിത്തലയെത്തി. ഇതോടെ അദ്ദേഹം എൻ.എസ്.എസിന്റെ ആളെന്ന നിലയ്ക്ക് ബ്രാൻഡ് ചെയ്യപ്പെട്ടു.
ഇത് പിന്നീട് പ്രതിപക്ഷനേതാവായി പയറ്റിയ അഞ്ച് വർഷവും അദ്ദേഹത്തിന് തലവേദനയായിട്ടുണ്ടോ എന്ന് സംശയം. ബ്രാൻഡഡ് നായർ പരിവേഷം കേരളത്തിന്റെ വിശാലമായ പരിപ്രേക്ഷ്യത്തിൽ മുഖ്യമന്ത്രി പദത്തിലേക്കുള്ള പ്രയാണത്തിൽ അത്ര നന്നാവില്ലെന്ന തോന്നൽ അദ്ദേഹത്തിലുമുണ്ടായി. പ്രതിപക്ഷനേതാവായി അദ്ദേഹം കുറേ നല്ല ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അതിനെയെല്ലാം റദ്ദാക്കാൻ ഈ ബ്രാൻഡ് വഴിയൊരുക്കിയോ എന്നാണ് കോൺഗ്രസ് ക്യാമ്പിനകത്തെ സംസാരം.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു സ്ഥിതിയില്ല. അദ്ദേഹം രാഷ്ട്രീയ, സാമൂഹ്യ, പാരിസ്ഥിതിക വിഷയങ്ങളിൽ നടത്തിയ ഇടപെടലുകൾ ഒരുതരം ഇടതുപക്ഷബോധം പ്രകടമാക്കുന്നതായിരുന്നു. മാത്രവുമല്ല, പലപ്പോഴും സാമുദായിക നേതൃത്വങ്ങളെ അദ്ദേഹം പരസ്യമായി വിമർശിക്കാൻ ധൈര്യവും കാട്ടിയിട്ടുണ്ട്. എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് അത്രത്തോളം പോകാനായിട്ടില്ല.
ഇക്കഴിഞ്ഞ ദിവസത്തെ എൻ.എസ്.എസ് ജനറൽസെക്രട്ടറിയുടെ ഏറെ ചർച്ചയായ അഭിമുഖം അതുകൊണ്ടുതന്നെ കൗതുകകരമായ രാഷ്ട്രീയ പരിവർത്തനം സൃഷ്ടിക്കുന്നത് കോൺഗ്രസിനകത്താണ്. ശശിതരൂരിനെ ചാരി രമേശ് ചെന്നിത്തല രക്ഷപ്പെടുമോ? എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ അഭിമുഖത്തിൽ രമേശ് ചെന്നിത്തലയെ പരസ്യമായി തള്ളിപ്പറഞ്ഞതാണ് ശ്രദ്ധേയം. രമേശിനെ മുൻനിറുത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതാണ് യു.ഡി.എഫിന് വിനയായതെന്ന് അദ്ദേഹം പറഞ്ഞു.
ശശി തരൂരിനെ തറവാടി നായരായി ബ്രാൻഡ് ചെയ്യുമ്പോൾ ആ ബ്രാൻഡിന്റെ വളയം വിട്ട് പുറത്തുചാടാൻ പുതിയ സംഭവവികാസങ്ങൾ രമേശ് ചെന്നിത്തലയെ സഹായിക്കുമോ? കാത്തിരുന്ന് കാണണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |