കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഹോട്ടൽ മേഖലയെ അപ്പാടെ തകർക്കുകയും കരിവാരിത്തേയ്ക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ആവശ്യപ്പെട്ടു.
ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്നതിനുമുമ്പേ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഹോട്ടൽമേഖലയെ അപ്പാടെ നാണംകെടുത്തുന്ന പ്രവണതയാണ് നടക്കുന്നത്. കാസർകോട് സംഭവം അതിനൊരുദാഹരണമാണ്. അവിടെ വിദ്യാർത്ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമല്ലെന്ന് ഒടുവിൽ തെളിഞ്ഞു.
ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം പഴകിയതാണെന്ന് പ്രചരിപ്പിക്കുന്ന നടപടികൾ പ്രതിഷേധാർഹമാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. അല്ലാതെ പരിശോധനയുടെ പേരിൽ നിരവധി ആളുകളുടെ ഉപജീവനമാർഗമായ ഹോട്ടൽ മേഖലയെ തകർക്കുന്ന നടപടി ഉണ്ടാകരുത്. എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാൽ കൃത്യമായ പരിശോധനകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും മുൻവിധിയോടെ വ്യാപാരമേഖലയെ തകർക്കുന്ന തരത്തിലുള്ള പ്രചാരണത്തിലും കുറ്റപ്പെടുത്തലുകളിൽനിന്നും എല്ലാവരും പിന്മാറണമെന്നും അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ എന്നിവർ അഭ്യർത്ഥിച്ചു.
641 സ്ഥാപനങ്ങളിൽ പരിശോധന
36 എണ്ണം അടപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഞായർ,തിങ്കൾ ദിവസങ്ങളിലായി 641സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രത്യേക പരിശോധന നടത്തി.ഞായറാഴ്ച 180സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.രണ്ട് ദിവസങ്ങളിലായുള്ള പരിശോധനകളിൽ വൃത്തിഹീനമായി പ്രവർത്തിച്ച 9സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 27സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു.188സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കിയതായും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |