അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്‌ഘാടനം ചെയ്തു
തിരുവനന്തപുരം:സ്വയം നവീകരിക്കാനുള്ള മാർഗ്ഗം വായനയാണെന്നും കാലം മാറുന്നതനുസരിച്ച് നിയമസഭാ സാമാജികരും നവീകരിക്കപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് നാട് നേരിടുന്ന ലഹരിയെന്ന ഭീഷണിക്കെതിരായ ഏക പോംവഴി വായനയാണ്. പുതിയ തലമുറ കൂടുതൽ മുഴുകുന്നത് ദൃശ്യങ്ങളിലാണ്. ദൃശ്യങ്ങൾ വേണ്ടെന്നല്ല, വായനയും വേണം.മനസിന്റെ ഭക്ഷണമാണ് പുസ്‌തകങ്ങൾ.ശരീരത്തിനൊപ്പം മനസിനും നല്ല ആരോഗ്യം ഉണ്ടാകണം. മനസിന്റെ ആരോഗ്യം നഷ്ടപ്പെട്ടാൽ രോഗാതുരമായ അവസ്ഥയിലേക്ക് പോകും. അക്രമവും ലഹരി ഉപയോഗവും ഉണ്ടാകുന്നത് ഇങ്ങനെയാണ്. വായന ദിനചര്യയുടെ ഭാഗമാകണം.വായനശാലകളിൽ സാംസ്‌കാരിക കൂട്ടായ്മകൾ ഉണ്ടാകണം. ഇ.എം.എസ്, ജോസഫ് മുണ്ടശേരി,സി.അച്യുതമേനോൻ, സി.എച്ച്. മുഹമ്മദ്‌കോയ തുടങ്ങി നിരവധി പ്രതിഭാധനരായ ഭരണകർത്താക്കൾ എഴുത്തുകാരായിരുന്നു. ആ പാരമ്പര്യം നിയമസഭ ഇപ്പോഴും പിന്തുടരുന്നുണ്ട്.
കഥാരചനയിൽ ഏഴുപതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ടി.പത്മനാഭന്റെ തലയെടുപ്പിനെ പിന്നിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും ഭരണഘടനാ മൂല്യങ്ങൾ അപകടത്തിലായ ഘട്ടങ്ങളിലെല്ലാം സമൂഹത്തിന്റെ മനസിനൊപ്പം മൂർച്ചയുള്ള വാക്കുകളുമായി നിന്നിട്ടുള്ള വ്യക്തിത്വമാണ് ടി.പത്‌മനാഭനെന്നും മുഖ്യമന്ത്രി പറഞ്ഞു.സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള, ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ടി.പത്മനാഭന് മുഖ്യമന്ത്രി നൽകി.
സ്‌പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷനായി. വായനയാണ് ലഹരിയെന്ന സന്ദേശം ഉയർത്തി നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, ഡൽഹി എന്നീ ലോകോത്തര പുസ്തകോത്സവങ്ങളുടെ നിലവാരത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഒന്നേകാൽ ലക്ഷത്തിലധികം പുസ്തകങ്ങളുള്ള നിയമസഭാ ലൈബ്രറി പൊതുജനങ്ങൾക്കായി ഈ ദിവസങ്ങളിൽ തുറന്നു നൽകുന്നതിലൂടെ വായനയുടെ ജനാധിപത്യവത്കരണമാണ് ലക്ഷ്യമിടുന്നതെന്നും ഷംസീർ പറഞ്ഞു.
ദാരിദ്യം അനുഭവിച്ച് ജീവിച്ചിരുന്ന ഒരാളാണ് താനെന്നും സ്‌കൂളിൽ ഉച്ചഭക്ഷണം കഴിക്കാനില്ലാത്തതിനാൽ പുസ്‌തകം വായിച്ച് വിശപ്പടക്കിയ ഭൂതകാലം തനിക്ക് ഉണ്ടായിരുന്നെന്നും ടി.പത്മനാഭൻ പറഞ്ഞു. തന്റെ തലമുറയിലെ പല സാഹിത്യകാരന്മാരും ലഹരിയെ മഹത്വവത്കരിച്ചപ്പോൾ, കഴിയാവുന്നിടത്തെല്ലാം ലഹരിക്കെതിരെ സംസാരിക്കുകയാണ് താൻ ചെയ്തത്. ഖദറിട്ട തന്നെ പഴഞ്ചനെന്നാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അരാഷ്ട്രീയ സമൂഹം സൃഷ്ടിക്കപ്പെടുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പോരായ്മകൾ കൊണ്ടാണെന്നും വായനയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിലൂടെ മാത്രമേ രാഷ്ട്രനിർമാണത്തിൽ പുതിയ തലമുറയെ പങ്കാളികളാക്കാൻ സാധിക്കൂവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.എൽ.എ മാരായ കെ.പി.മോഹനൻ, മാത്യു ടി.തോമസ്, തോമസ് കെ.തോമസ്, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭാ സെക്രട്ടറി എ.എം.ബഷീർ നന്ദിയും പറഞ്ഞു. 80ലധികം പ്രസാധകരുടെ 115ലധികം സ്റ്റാളുകളാണ് നിയമസഭാവളപ്പിൽ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ദിവസവും പുസ്തകചർച്ചയും പുസ്‌തക പ്രസാധനവും കലാപരിപാടികളും നടക്കും. 15 ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |