ഒറ്റപ്പാലം: നെല്ലിക്കുറുശ്ശിയിലെ കുതിരവഴി പാലം യാഥാർത്ഥ്യത്തിലേക്ക്. ശേഷിക്കുന്ന പ്രവൃത്തികൂടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ പാലം നാടിന് സമർപ്പിക്കുമെന്ന് അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ അറിയിച്ചു.
ചിനക്കത്തൂർ പൂരപ്പെരുമ വിളിച്ചോതുന്ന 16 കൂറ്റൻ കുതിരക്കോലങ്ങളിൽ ഒരെണ്ണം എഴുന്നെള്ളിക്കുന്നത് മുളഞ്ഞൂർ തോടിന് ഇക്കരെയുള്ള നെല്ലികുറുശ്ശി ഗ്രാമത്തിൽ നിന്നാണ്. കുതിരയെ എഴുന്നെള്ളിക്കുന്ന കടവിൽ നിർമ്മിച്ച പാലമെന്നതിനാലാണ് കുതിരവഴി പാലമെന്ന് അറിയപ്പെട്ടത്. ഭാരമേറിയ കുതിരക്കോലവും വഹിച്ചുള്ള യാതനയേറിയ യാത്രയ്ക്കാണ് പാലം വരുന്നതോടെ അവസാനമാകുന്നത്. മാർച്ച് ആറിന് നടക്കുന്ന ചിനക്കത്തൂർ പൂരത്തിന് 'വെള്ളം തൊടാതെ' കുതിരയ്ക്ക് പാലത്തിലൂടെ അക്കര പറ്റാനാകും.
2015- 16 വർഷത്തെ ബഡ്ജറ്റിൽ നാലുകോടിയും 2020-21ൽ ഒന്നരക്കോടിയും ഉൾപ്പെടെ 5.50 കോടിയുടേതാണ് പദ്ധതി. തോടിന് കുറുകെ സ്‌ക്രൂബ്രിഡ്ജാണ് നിർമ്മിച്ചിട്ടുള്ളത്. 26 മീറ്റർ നീളമുള്ള പാലത്തിന് നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ട്. ടാറിംഗ് ഒഴിച്ചുള്ള പ്രവൃത്തികളെല്ലാം പൂർത്തിയായി.
പാലം യാഥാർത്ഥ്യമാകുന്നതോടെ നെല്ലിക്കുറുശ്ശിയിൽ നിന്ന് പാലപ്പുറത്തേക്ക് ചുറ്റിക്കറങ്ങിയുള്ള യാത്ര ഒഴിവാക്കാം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് വലിയ ആശ്വാസമാണ്. നിരന്തര സമ്മർദങ്ങൾക്കൊടുവിൽ 2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. എന്നാൽ നിർമ്മാണം ആരംഭിക്കാൻ പിന്നെയും വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |