അഗളി: സൈലന്റ് വാലി നാഷണൽ പാർക്കിലെ ഏഴാമത് പക്ഷി സർവെയിൽ 141 ഇനം പക്ഷികളെ കണ്ടെത്തി. 2022 ഡിസംബർ 27 മുതൽ 29 വരെയുള്ള തീയ്യതികളിലായി 50 ഓളം പക്ഷി നിരീക്ഷകരും വനം വകുപ്പ് ജീവനക്കാരും കാട്ടിനുള്ളിൽ ക്യാമ്പുകളിലായി താമസിച്ചാണ് പക്ഷി നിരീക്ഷണം നടത്തിയത്.
സൈലന്റ് വാലി നാഷണൽ പാർക്ക് കേരള നാച്യുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സർവെ സംഘടിപ്പിച്ചത്. 1990 ഡിസംബർ 25 മുതൽ 28 വരെയാണ് ആദ്യമായി പക്ഷി സർവെ നടന്നത്. 32 വർഷം മുമ്പ് നടന്ന ആദ്യ സർവെയിൽ പങ്കെടുത്ത പക്ഷി നിരീക്ഷകനായ പി.കെ.ഉത്തമൻ, സി.സുശാന്ത് എന്നിവർ ഈ സർവെയിലും പങ്കെടുത്തു. കാട്ടുകാലൻകോഴി, ചെങ്കുയിൽ, അസുരക്കാടൻ, മീൻകൊത്തിച്ചാത്തൻ, നാട്ടുരാച്ചുക്ക്, കാട്ടുരാച്ചുക്ക്, ചാരപ്പൂണ്ടന് തുടങ്ങിയ 17 ഇനം പക്ഷികളെ കൂടി കണ്ടെത്തിയതോടെ സൈലന്റ് വാലി കോർ മേഖലയിലെ ആകെ പക്ഷികളുടെ എണ്ണം 175 ഓളം ആയതായി സർവെ കോർഡിനേറ്ററും പക്ഷി നിരീക്ഷകനുമായ പി.കെ.ഉത്തമൻ പറഞ്ഞു. 2006ൽ നടത്തിയ സർവെയിൽ 139 ഇനം പക്ഷികളും 2014ൽ 142 ഇനം പക്ഷികളെയും കണ്ടെത്തിയിരുന്നു. ചെറുതേൻ കിളി, മഞ്ഞചിന്നൻ, കരിമ്പൻ കാട്ടുമ്പുൾബുൾ, വെള്ളകണ്ണി കുരുവി, ഇന്ത്യൻ ശരപക്ഷി എന്നിവയാണ് സർവെയിൽ കൂടുതൽ എണ്ണം രേഖപ്പെടുത്തിയ പക്ഷികൾ.
സൈലന്റ് വാലിയുടെ ബഫർ മേഖലയിൽ അടുത്തുതന്നെ പക്ഷി സർവെ സംഘടിപ്പിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ് പറഞ്ഞു. പക്ഷി നിരീക്ഷകരായ ഇ കുഞ്ഞികൃഷ്ണൻ, സി.സുശാന്ത്, ആർ.എൻ.ലിസ്സ, സി.ജി.അരുൺ, എ.കെ.ശിവകുമാർ, പി.ബി.ബിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |