അമ്പലപ്പുഴ : പത്ത് നാൾ നീണ്ട ശബരി മല തീർത്ഥാടനം പൂർത്തിയാക്കി അമ്പലപ്പുഴ സംഘം മടങ്ങിയെത്തി. ഞായറാഴ്ച വൈകിട്ട് മാളികപ്പുറം മണി മണ്ഡപത്തിൽ നിന്ന് സന്നിധാനത്തേക്ക് നടന്ന ശീവേലി എഴുന്നള്ളത്ത് കഴിഞ്ഞ് തീരുവാഭരണം ചാർത്തിയ അയ്യപ്പ വിഗ്രഹം ദർശിച്ച ശേഷമാണ് മടക്ക യാത്ര ആരംഭിച്ചത്. ജനുവരി 5 ന് കെട്ടു നിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തി 6 ന് യാത്ര ആരംഭിച്ച സംഘത്തിന് വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി.
ആചാരപരമായ ചടങ്ങുകളായ മണിമലക്കാവിൽ ആഴി പൂജ, എരുമേലി പേട്ട തുള്ളൽ, പമ്പ സദ്യ എന്നീ ചടങ്ങുകൾ പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിയ സംഘം മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജക്ക് മഹാ നിവേദ്യവും നടത്തി. സ്വാമിമാർ ഇരുമുടിക്കെട്ടിൽ കരുതിയ കാരയെള്ള്, നെയ്യ്, ശർക്കര, തേൻ, കൽക്കണ്ടം മുന്തിരി തുടങ്ങിയ ദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ എള്ളുപായസമാണ് ദേവനു നിവേദിച്ചത്. തുടർന്ന് സന്നിധാനത്ത് കർപ്പൂരാഴി പൂജയും നടത്തി. സമൂഹ പ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ശബരിമല സന്നിധാനത്ത് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോർഡ് ഒരുക്കി. സംഘത്തിന്റെ മടക്ക യാത്രക്കായി കെ.എസ്. ആർ ടി. സി പമ്പയിൽ നിന്നും അമ്പലപ്പുഴക്ക് പ്രത്യേകം സർവ്വീസ് ക്രമീകരിച്ചു. സംഘം ഭാരവാഹികളായ ആർ. ഗോപകുമാർ, കെ.ചന്ദ്രകുമാർ, ബിജു ജി എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |