കോഴിക്കോട്: ഇനി യാത്രക്കാർക്ക് മാനാഞ്ചിറയിലിറങ്ങി വിശ്രമിച്ചിട്ട് യാത്ര തുടരാം. ടൂറിസം വകുപ്പിന്റെ 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ സഹകരണത്തിൽ മാനാഞ്ചിറയിൽ ആരംഭിച്ച
വിശ്രമകേന്ദ്രം അടുത്ത ആഴ്ചയ്ക്കുള്ളിൽ പ്രവർത്തനസജ്ജമാകും. സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി വിശ്രമകേന്ദ്രം കുറച്ച് ദിവസം തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ ചെറിയ തോതിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ അടയ്ക്കുകയായിരുന്നു. പണി പൂർത്തീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും തുറന്നു നൽകാത്തതിന്റെ പേരിൽ കോർപ്പറേഷന് പഴി കേൾക്കേണ്ടി വന്ന കേന്ദ്രമാണ് ഒടുവിൽ തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നത്.
കേന്ദ്രം മൂന്നു വർഷത്തേക്ക് ഏറ്റെടുത്ത് നടത്താനും പരിപാലിക്കാനും അംഗീകൃത കുടുംബശ്രീയിൽ താൽപര്യപത്രം ക്ഷണിച്ചിരുന്നു. മൂന്ന് കുടുംബശ്രീകളിൽ നിന്നും കുടുതൽ തുക ക്വട്ടേഷൻ ക്വാട്ട് ചെയ്ത കുടുംബശ്രീക്ക് കരാർ നൽകാൻ കോർപ്പറേഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 22,033 രൂപ ലൈസൻസ് ഫീ ഇനത്തിൽ നൽകാമെന്ന ഉറപ്പിച്ച കുടുംബശ്രീയാണ് കരാർ ഏറ്റെടുക്കുന്നത്. ഇവർക്ക് കരാർ നൽകാമെന്ന് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലും ധാരണയായിരുന്നു. ജില്ലയിൽ 34 'ടേക്ക് എ ബ്രേക്ക്' വിശ്രമകേന്ദ്രങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്.തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ദേശീയ സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ വിശ്രമ കേന്ദ്രം എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ശുചിമുറികൾക്ക് പുറമേ മുലയൂട്ടൽ മുറികൾ, ഡ്രസിംഗ് മുറികൾ, സാനിറ്ററി നാപ്കിൻ വെൻഡിംഗ്് കിയോസ്‌കുകൾ, ലഘു ഭക്ഷണ കൗണ്ടറുകൾ തുടങ്ങിയവയുമായാണ് വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചിരുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനം ജില്ലയിൽ ചിലയിടങ്ങളിൽ തുടങ്ങിയെങ്കിലും നഗരത്തിലെ തിരക്കുള്ള മാനാഞ്ചിറയിലെ കെട്ടിടം മാത്രം പൂട്ടിക്കിടക്കുകയായിരുന്നു. ജില്ലയിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ മന്ത്രി എം.വി ഗോവിന്ദനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
നടത്തിപ്പിന് കുടുംബശ്രീ മുന്നോട്ട് വന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ടേക്ക് എ ബ്രേക്ക്' വിശ്രമ കേന്ദ്രം തുറന്ന് നൽകും
പി.സി രാജൻ,
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |