മലപ്പുറം: പ്രകൃതിക്ഷോഭങ്ങളിൽ കൃഷി നശിച്ച കർഷകർക്കുള്ള വിള ഇൻഷ്വറൻസ് തുക നൽകുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച തുക അപര്യാപ്തം. ജില്ലയിൽ 1,960 കർഷകർക്ക് 4.94 കോടി രൂപയാണ് കുടിശ്ശികയായി കിടക്കുന്നത്. 2022 ഏപ്രിലിന് ശേഷം കർഷകർക്ക് വിള ഇൻഷ്വറൻസ് തുക ലഭിച്ചിട്ടില്ല. നിലവിൽ സംസ്ഥാന സർക്കാർ 10 കോടി രൂപയാണ് വിവിധ ജില്ലകളിലേക്കായി അനുവദിച്ചത്. ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 22 വരെയുള്ള കുടിശ്ശിക നൽകാനേ ഈ തുക തികയൂ. ജില്ലയിൽ പകുതിയോളം കർഷകരുടെ കുടിശ്ശിക തീർക്കാനേ ഇത് സഹായകമാവൂ. സംസ്ഥാനത്ത് കുടിശ്ശിക പൂർണ്ണമായും തീർക്കാൻ 20 കോടി രൂപ വേണ്ടി വരും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് വിള ഇൻഷ്വറൻസ് തുക വൈകാൻ കാരണം. കൃഷി വകുപ്പിന്റെ എയിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്കാണ് നഷ്ടപരിഹാരം അനുവദിക്കുക.
പ്രതിസന്ധിയിൽ കർഷകർ
അപ്രതീക്ഷിതമായ കാലാവസ്ഥ മാറ്റങ്ങൾ കർഷകരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. വിള ഇൻഷ്വറൻസ് തുക മാസങ്ങളായി മുടങ്ങിയതോടെ വായ്പയെടുത്ത് കൃഷിയിറക്കിയവർ വലിയ പ്രതിസന്ധിയിലാണ്. പ്രകൃതിക്ഷോഭം മൂലമുണ്ടാവുന്ന വിളനാശം, വന്യമൃഗങ്ങളുടെ ആക്രമണം, നെൽ കൃഷിയുടെ കീട ബാധമുലമുള്ളത് തുടങ്ങിയവയ്ക്കാണ് വിള ഇൻഷ്വറൻസ് നൽകുന്നത്. പദ്ധതിയിൽ അംഗങ്ങളായ കർഷകരിൽ നിന്ന് പ്രീമിയം സ്വരൂപിച്ചും സർക്കാർ വിഹിതവും ഉൾപ്പെടുത്തിയാണ് ആനുകൂല്യം അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |