തിരുവനന്തപുരം: ഗുണ്ടകളും മാഫിയകളുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ നഗരത്തിലെ പല പൊലീസ് സ്റ്റേഷനുകളിലെയും ഉയർന്ന ഉദ്യോഗസ്ഥരുടെ തലകൾ വരും ദിവസങ്ങളിൽ ഉരുളും. പേട്ട, മ്യൂസിയം, തിരുവല്ലം, കരമന, പൂജപ്പുര, റൂറലിൽ മംഗലപുരം സ്റ്റേഷനുകളിലെ പൊലീസുകാരാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ളത്. ഏറ്റവും ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയത് പേട്ട എസ്.എച്ച്.ഒ റിയാസ് രാജയ്ക്കെതിരെയാണ്. ഗുണ്ടകളും ഭൂമാഫിയയും ഉൾപ്പെട്ട പല കേസുകളിലും റിയാസ് മദ്ധ്യസ്ഥത വഹിക്കുകയും കേസുകൾ ഒത്തുതീർക്കാൻ ശ്രമിച്ചതിനുമുള്ള തെളിവുകൾ ഡി.ജി.പിക്ക് ലഭിച്ചു. പേട്ടയിലും പാറ്റൂരിലും അടുത്തിടെയുണ്ടായ ഗുണ്ടാ ആക്രമണങ്ങൾ റിയാസിന്റെ അറിവോടെയായിരുന്നുവെന്നാണ് പൊലീസ് ആസ്ഥാനം വിശദീകരിക്കുന്നത്. റിയാസ് രാജയുടെ ധൈര്യത്തിലാണ് ഗുണ്ടകൾ അക്രമത്തിന് പേട്ടയും പാറ്റൂരും തിരഞ്ഞെടുത്തതെന്നാണ് ഇന്റലിജൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുണ്ടാ ആക്രമണക്കേസിലെ പ്രധാനപ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. അറസ്റ്റിലായവരാകട്ടെ സഹായികൾ മാത്രമാണ്. അവർക്ക് രക്ഷപ്പെടാൻ അവസരമൊരുങ്ങിയത് റിയാസിന്റെ ഇടപെടൽ മൂലമാണ്. മാത്രമല്ല റിയാസിന്റെ ഫോൺകാളുകൾ പരിശോധിച്ച് ഗുണ്ടകളുമായുള്ള ബന്ധത്തിന്റെ തെളിവ് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. റിയാസിനെക്കുറിച്ച് പെരുമാറ്റദൂഷ്യത്തിനുള്ള പരാതികളും പൊലീസ് ആസ്ഥാനത്ത് കിട്ടി. ഇതേക്കുറിച്ച് ഡി.ജി.പി അന്വേഷിച്ച ശേഷമാണ് നടപടിയെടുത്തത്. മംഗലപുരത്ത് അമ്മയും ഗുണ്ടകളായ മക്കളും ചേർന്ന് പൊലീസുകാർക്ക് നേരെ സ്ഫോടകവസ്തു എറിയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലുണ്ടായ വീഴ്ചയാണ് മംഗലപുരം എസ്.എച്ച്.ഒയെ സസ്‌പെൻഡ് ചെയ്യാൻ കാരണമായത്. ഷഫീഖ്, ഷമീർ എന്നിവർക്കെതിരെ നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും എസ്.എച്ച്.ഒ സി.എൽ. സജീഷ് നടപടിയെടുത്തില്ല. മംഗലപുരത്ത് മുഴുവൻ പൊലീസുകാരെയും മാറ്റിയുള്ള ശുദ്ധികലശത്തിനാണ് ഒരുങ്ങുന്നത്. തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ സസ്‌പെൻഷനിലായ സി.ഐക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. സി.ഐയെ കൂടാതെ സ്റ്റേഷനിലെ പൊലീസുകാർക്കും മാഫിയകളുമായി ബന്ധമുണ്ട്. ഇവർക്കെതിരെയും ഉടൻ നടപടിയുണ്ടാകും. നഗരത്തിലെ തന്ത്രപ്രധാന പൊലീസ് സ്റ്റേഷനായ മ്യൂസിയത്ത് ഉദ്യോഗസ്ഥർക്ക് വേണ്ടത്ര ജാഗ്രതയില്ലെന്ന് നിരന്തരം വിമർശനം ഉയർന്നിരുന്നു. യുവസംവിധായിക നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇവരുടെ നിസംഗ നിലപാട് പൊലീസ് സേനയ്‌ക്ക് കളങ്കമുണ്ടാക്കുകയും ചെയ്തു. കൂടാതെ മ്യൂസിയം സ്റ്റേഷന്റെ പരിധിയിൽ സ്ത്രീകൾക്കു നേരെ നിരന്തരം അതിക്രമങ്ങൾ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരുനടപടിയും മ്യൂസിയത്തെ ഉദ്യോഗസ്ഥർ സ്വീകരിച്ചില്ല. തുടർന്ന് എസ്.എച്ച്.ഒയെ മാറ്രി പുതിയ ആളെ നിയമിച്ചാണ് പൊലീസ് മുഖംരക്ഷിച്ചത്. എന്നാൽ കുറ്റാന്വേഷണ രംഗത്തെ മെല്ലപ്പോക്കിൽ മ്യൂസിയം സ്റ്റേഷനിലെ പല പൊലീസുകാർക്കുമെതിരെ ഇന്റലിജൻസ് പേരെടുത്ത് സൂചിപ്പിച്ച് റിപ്പോർട്ട് നൽകിയിരുന്നു. നഗരത്തിൽ മണ്ണ്, റിയൽ എസ്റ്റേറ്റ് മാഫിയകളുമായി ഏറ്റവും അടുത്ത ബന്ധമുള്ളത് കരമന, പൂജപ്പുര, തുമ്പ സ്റ്റേഷനുകളിലാണ്. അവിടെ ഭൂമാഫിയകളുമായി ബന്ധമുള്ള പൊലീസുകാർ കർശന നിരീക്ഷണത്തിലാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുകയാണ്. നഗരത്തിലെ ഒരു ഹോട്ടലിൽ നടന്ന ഡിവൈ.എസ്.പിയുടെ മകളുടെ വിവാഹ സത്കാരത്തിന് പണം നൽകിയത് ഗുണ്ടാബന്ധമുള്ളയാളാണെന്നും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |