തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾക്ക് ഒത്താശ ചെയ്തും റിയൽ എസ്റ്റേറ്റ്, മണ്ണ്- മണൽ മാഫിയയ്ക്ക് കൈയയച്ച് സഹായം ചെയ്തും തലസ്ഥാനത്തെ ഏതാനും പൊലീസ് ഉദ്യോഗസ്ഥർ സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. മൂന്ന് ഡിവൈ.എസ്.പിമാരും നാല് സി.ഐമാരും ഏതാനും എസ്.ഐമാരും സി.പി.ഒമാരുമടക്കം ഗുണ്ടാ- മാഫിയാ ബന്ധമുള്ള പൊലീസുകാരുടെ പട്ടിക ഇന്റലിജൻസ് മേധാവി സർക്കാരിന് കൈമാറിയിട്ടുണ്ട്. നഗരത്തിലെ ഒരു അസി. കമ്മിഷണറെ സി.ഐയായി തരംതാഴ്ത്താനാണ് ശുപാർശ. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം ഉൾപ്പെടുന്ന സബ് ഡിവിഷനിലെ അസി. കമ്മിഷണർ വൻ പണപ്പിരിവ് നടത്തുന്നതായും മാഫിയകൾക്കെല്ലാം ഒത്താശ ചെയ്യുന്നതായും തെളിവ് സഹിതം ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ പരിഹരിക്കാനും പരാതിക്കാരെ ഭീഷണിപ്പെടുത്താനും ഈ ഉദ്യോഗസ്ഥർ ഇടപെട്ടതായാണ് കണ്ടെത്തൽ. ഗുണ്ടകളുമായും മാഫിയകളുമായും ലഹരി സംഘങ്ങളുമായും തോളിൽ കൈയിട്ട് തലസ്ഥാനത്തെ ഗുണ്ടാവേട്ട പൊലീസ് അട്ടിമറിച്ചതായും ഇന്റലിജൻസ് കണ്ടെത്തി. സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ളത് തിരുവനന്തപുരത്താണ്. ഗുണ്ടാവേട്ട നിലച്ചതോടെ തലസ്ഥാനത്ത് ഗുണ്ടാആക്രമണങ്ങൾ പെരുകി. ഉദ്യോഗസ്ഥർ ഗുണ്ടകളുമായി മദ്യസത്കാരത്തിൽ പങ്കെടുത്തെന്ന് കുഴപ്പക്കാരായ പൊലീസുകാരുടെ പേരെടുത്ത് പറഞ്ഞുള്ള ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. ഇവർക്കെതിരേ ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഗുണ്ടകളെ ഒതുക്കാൻ ഡി.ജി.പി പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ" തലസ്ഥാനത്തെ പൊലീസുദ്യോഗസ്ഥർ നിസഹകരണത്തിലൂടെ പരാജയപ്പെടുത്തിയിരുന്നു. ഗുണ്ടാവേട്ടയ്ക്കുള്ള ഓപ്പറേഷനുകളിൽ രണ്ടിലേറെ ക്രിമിനൽ കേസുകളുള്ളവരെയെല്ലാം പിടികൂടി ഗുണ്ടാവിരുദ്ധ ഓപ്പറേഷന്റെ വലിപ്പം കൂട്ടുകയല്ലാതെ ഗുണ്ടാനേതാക്കളെ പൊലീസ് തൊട്ടില്ല. ഗുണ്ടകളെ അമർച്ച ചെയ്യാൻ ജില്ലാതലത്തിലും സ്റ്റേഷൻ തലത്തിലും ഗുണ്ടാവിരുദ്ധ സ്ക്വാഡുകളുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. താഴേത്തട്ടിൽ ഉദ്യോഗസ്ഥർ സഹകരിക്കാത്തതായിരുന്നു കാരണം. സ്ഥിരം കുറ്റവാളികൾ, ഗുണ്ടകൾ, മുൻപ് കേസുകളിൽപ്പെട്ടവർ എന്നിവരെയും വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും പിടികൂടാനുള്ള ശ്രമവും ഗുണ്ടാബന്ധമുള്ള പൊലീസുകാർ പരാജയപ്പെടുത്തി. മണ്ണ്- മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെ പൊലീസുകാരുടെ ചങ്ങാതിമാരാണെന്നും ഏറെക്കാലമായി സജീവമല്ലാതിരുന്ന ഗുണ്ടാനേതാക്കൾ തലസ്ഥാനത്തടക്കം അടുത്തിടെ രംഗത്തിറങ്ങിയതും ഇന്റലിജൻസ് മേധാവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊലപാതകം, ക്വട്ടേഷൻ, അക്രമം തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ ഗുണ്ടാസംഘങ്ങളാണ് തലസ്ഥാനത്ത് വിലസുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |