തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സജീവമാക്കേണ്ട സമയത്ത് പാർട്ടിയെ പൊതുമദ്ധ്യത്തിൽ പ്രതിരോധത്തിലാക്കും വിധത്തിലുള്ള പരസ്യ പ്രതികരണങ്ങളും പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എം.പിമാരായ ശശി തരൂരിനും ,കെ. മുരളീധരനും താക്കീത് നൽകി.
കഴിഞ്ഞ കെ.പി.സി.സി ഭാരവാഹി, നിർവാഹകസമിതി യോഗങ്ങളിൽ താരിഖ് അൻവർ നേരിട്ട് വിഷയമവതരിപ്പിച്ചിട്ടും ,തരൂരിന്റെ ഭാഗത്ത് നിന്നടക്കമുണ്ടാവുന്ന അനഭിലഷണീയ പ്രവണതകളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. കേരളത്തിലെ വിഷയങ്ങൾ വിശദീകരിച്ച് താരിഖ് അൻവർ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിശദമായ റിപ്പോർട്ട് നൽകി. തരൂരിന്റെ നീക്കങ്ങൾ കേരള പാർട്ടിയിൽ സൃഷ്ടിച്ച വിവാദങ്ങളിൽ നീരസം പ്രകടിപ്പിക്കുന്നതാണ് റിപ്പോർട്ടെന്നാണ് വിവരം. ഹൈക്കമാൻഡിൽ അതൃപ്തി കനത്തതോടെ, അടുത്ത മാസം അവസാനം നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ ശശി തരൂർ കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുമോയെന്നതിൽ ആകാംക്ഷയേറി. എ.ഐ.സി.സി അദ്ധ്യക്ഷന്റെ നിർദ്ദേശപ്രകാരമാണ് പാർട്ടി കേന്ദ്ര അച്ചടക്കസമിതി ജനറൽസെക്രട്ടറി കൂടിയായ താരിഖ് അൻവർ കേരളത്തിലെ മുതിർന്ന നേതാക്കളെ വിളിച്ച് മുന്നറിയിപ്പ് നൽകിയത്. പരസ്യ പ്രതികരണങ്ങളിലൂടെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങൾ അവസാനിപ്പിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ സജീവമാകാനാണ് മുരളീധരനോട് നിർദ്ദേശിച്ചത്.
കൈയോട് കൈ ചേർത്ത്
ഭവനസന്ദർശനം
ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ഹാഥ് സെ ഹാഥ് ജോഡോ പ്രചരണപരിപാടിക്ക് സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് തുടക്കമിടും. ജോഡോ സമാപനദിവസമായ 30ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം പരിപാടികൾ സംഘടിപ്പിക്കും. ഫെബ്രുവരി 1 മുതൽ 20 വരെ ബൂത്തുകളിൽ മുതിർന്ന നേതാക്കളടക്കം വീടുകളിലെത്തി ലഘുലേഖകൾ വിതരണം ചെയ്യും. 138 രൂപ ചലഞ്ചിലൂടെ ധനസമാഹരണവും ലക്ഷ്യമിടുന്നു. വീട്ടുകാരുടെ പരാതികൾ അനുഭാവത്തോടെ കേട്ട് വിനയത്തോടെ മറുപടി നൽകണമെന്ന് കെ.പി.സി.സി സർക്കുലറിൽ നിർദ്ദേശിച്ചു. ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൂത്ത്തല പദയാത്രകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |