സർക്കാർ സർവീസിൽ ആശ്രിത നിയമനം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കാനുള്ള നീക്കം ആശ്രിതനിയമനം കാത്തിരിക്കുന്നവരുടെ ആശങ്കയേറ്റുന്നതാണ്. ജീവനക്കാരൻ സർവീസിലിരിക്കെ മരിച്ചാൽ അയാളുടെ ഉറ്റബന്ധുവിന് ജോലി നൽകുന്ന നിലവിലുള്ള സംവിധാനത്തിൽ ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം. സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചാൽ ഒരു വർഷത്തിനകം ലഭിക്കുന്ന നിയമനങ്ങൾ സ്വീകരിക്കാൻ പറ്റുന്ന അപേക്ഷകർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്താനാണ് ആലോചന. അതിന് സാധിക്കാത്തവർക്ക് 10 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഇതിനായി രൂപീകരിച്ച ചീഫ് സെക്രട്ടറിതല സമിതി ശുപാർശ ചെയ്തിരിക്കുന്നത്.
സംസ്ഥാന റവന്യു വരുമാനത്തിന്റെ 70 ശതമാനവും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണ് വിനിയോഗിക്കുന്നത്. കടക്കെണിയിൽ നിൽക്കുന്ന ഒരു സർക്കാരിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം യുവജനസംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചത് അടുത്തിടെയാണ്. ജീവനക്കാർക്ക് വേണ്ടി ചിലവഴിക്കുന്ന സാമ്പത്തികഭാരത്തിൽ നിന്ന് കരകയറാനുള്ള മാർഗ്ഗത്തിന്റെ ഭാഗമായി ആശ്രിതനിയമന രീതി പരിഷ്കരണത്തെ കാണുന്നവരുണ്ട്. 2013 മുതൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയപ്പോഴും സർവീസ് സംഘടനകൾ ഒന്നടങ്കം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ 'മെഡിസെപ്' മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയ്ക്കെതിരെയും ജീവനക്കാരുടെ എതിർപ്പുയർന്നിരുന്നു.
ആശ്രിതനിയമന രീതി ഭേദഗതി വിഷയം ചർച്ചചെയ്യാൻ ജനുവരി 10ന് ചീഫ് സെക്രട്ടറി വി.പി ജോയ് വിളിച്ചുചേർത്ത സർവീസ് സംഘടനകളുടെ യോഗത്തിൽ മുഴുവൻ സംഘടനകളും നിലവിലെ രീതിയിൽ മാറ്റം വരുത്താനുള്ള നീക്കത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. നിലവിലെ ആശ്രിത നിയമനരീതി തുടരണമെന്നാണ് ഇടത് അനുകൂല സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടത്. തുടർന്ന് നിർദ്ദേശങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
ആശ്രിത നിയമനം ഒരു വർഷം നടത്തുന്ന ആകെ നിയമനങ്ങളുടെ അഞ്ച് ശതമാനമേ പാടുള്ളൂ എന്ന് ഹൈക്കോടതിവിധി നിലവിലുണ്ട്. ആശ്രിതനിയമനം പൊതുനിയമനത്തെ ബാധിക്കരുതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ആശ്രിതനിയമനം കാത്തുനിൽക്കുന്നവർ അഞ്ച് ശതമാനത്തിലേറെയുള്ളതിനാൽ നിയമന രീതിയിൽ വരുത്തുന്ന മാറ്റം ഒട്ടേറെപേരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാം. നിലവിൽ മിക്ക വകുപ്പുകളിലും ആകെ നിയമനങ്ങളുടെ അഞ്ച് ശതമാനത്തിലധികം പേർക്ക് ആശ്രിതനിയമനം വഴി ജോലി നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വകുപ്പുകളിൽ നിയമനങ്ങൾ സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തതിനാലാണ് അഞ്ച് ശതമാനമെന്ന പരിധി ലംഘിച്ചുള്ള നിയമനങ്ങൾ നടക്കുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എല്ലാ വകുപ്പുകളിൽ നിന്നും ആശ്രിത നിയമനക്കാരുടെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ ആശ്രിത നിയമനങ്ങൾക്ക് മേൽ കർശന നിയന്ത്രണം വന്നേക്കും. സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലെ അഭിപ്രായങ്ങൾ പരിശോധിച്ചശേഷം ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകും. തുടർന്ന് ഉദ്യോഗസ്ഥ, ഭരണപരിഷ്‌കാര, നിയമ വകുപ്പുകൾ പരിശോധിക്കുകയും പി.എസ്.സി യുടെ അഭിപ്രായം തേടുകയും ചെയ്തശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് കരുതുന്നത്. ആശ്രിത നിയമനത്തിനു പകരം 10 ലക്ഷം രൂപയുടെ ധനസഹായമെന്ന നിർദ്ദേശത്തെ ഭരണ, പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം എതിർക്കുകയാണ്.
സംസ്ഥാനത്ത് മാത്രമല്ല, കേന്ദ്ര സർവീസിലും ആശ്രിതനിയമനം അംഗീകരിക്കപ്പെട്ടതാണ്. സർവീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരന്റെ കുടുംബം അനാഥമാകരുതെന്ന തികച്ചും മാനുഷികമായ സങ്കല്പത്തിലാണ് ആശ്രിതനിയമനവ്യവസ്ഥ കൊണ്ടുവന്നിട്ടുള്ളത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അത് ഗുണകരവുമായിട്ടുണ്ട്. ഇനിയും നിയമനം കാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. നിലവിലുള്ള ഏതൊരു ആനുകൂല്യവും എടുത്തുമാറ്റാനോ പരിമിതപ്പെടുത്താനോ ഉള്ള ഏത് നീക്കവും ജീവനക്കാരുടെ സംഘടനകൾ ശക്തമായി എതിർക്കുമെന്നത് സ്വാഭാവികമാണ്. എന്നാൽ പിൻവാതിൽ നിയമനങ്ങൾ പോലെ തന്നെ ആശ്രിതനിയമനങ്ങളിലും ധാരാളം തിരിമറികളും കള്ളക്കളികളും നടക്കുന്നെന്ന പരാതിയുണ്ട്.
കഴിഞ്ഞ ശമ്പള പരിഷ്ക്കരണ കമ്മിഷൻ ചില ഓഫീസുകൾ മാത്രം കേന്ദ്രീകരിച്ചു നടത്തിയ കണക്കെടുപ്പിൽ പരിധിവിട്ട് ആശ്രിത നിയമനം നടത്തിയതായി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കളക്ട്രേറ്റിൽ 13.20 ശതമാനം, എംപ്ളോയ്മെന്റ് ഡയറക്ടറേറ്റിൽ 13.40, നിയമസഭാ സെക്രട്ടേറിയറ്റിൽ 13.74, സംസ്കൃത സർവകലാശാലയിൽ 14.29, എൻ.സി.സി ഡയറക്ടറേറ്റിൽ 7.25 ശതമാനം എന്നിങ്ങനെയാണ് അധിക നിയമനങ്ങൾ കണ്ടെത്തിയത്. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊതുഭരണ വകുപ്പിൽ 11 സ്പെഷ്യൽ സെക്രട്ടറിമാരിൽ ഏഴുപേരും ആശ്രിതനിയമനം വഴി പ്രവേശിച്ചവരാണ്. സെക്രട്ടേറിയറ്റിൽ നോൺ ഐ.എ.എസ് വിഭാഗത്തിലെ ഏറ്റവും ഉയർന്ന തസ്തികയാണ് സ്പെഷ്യൽ സെക്രട്ടറി. ആശ്രിതനിയമനം വഴി സ്ഥാനക്കയറ്റം ലഭിച്ചുവന്ന ഒരാൾക്ക് അടുത്തിടെ ഐ.എ.എസ് ലഭിച്ചിരുന്നു.
കൊല്ലത്ത് റവന്യു വകുപ്പിലെ ആറ് ഡെപ്യൂട്ടി കളക്ടർമാരിൽ ആറുപേരും ആശ്രിത നിയമനമാണ്. ആറിൽ അഞ്ച് തഹസീൽദാർമാരും ആശ്രിത നിയമനമാണ്. 18- 20 വയസുള്ളപ്പോഴേ ജോലി ലഭിക്കുന്നതിനാൽ ആശ്രിത നിയമനം ലഭിക്കുന്നവർ സ്ഥാനക്കയറ്റം നേടി ഉന്നത തസ്തികയിലെത്തുന്നത് മറ്റു ജീവനക്കാർക്കിടയിൽ അസന്തുഷ്ടി സൃഷ്ടിക്കുന്നുവെന്ന് ശമ്പള കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി.എസ്.സി പരീക്ഷയിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളോട് മത്സരിച്ച് റാങ്ക്ലിസ്റ്റിൽ ഇടംനേടിയെത്തുന്നത് 25- 30 വയസിലോ അതിനു മുകളിലോ ആകും. ഇവർക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കും മുമ്പേ 18- 20 വയസിൽ ജോലിക്ക് കയറിയവർ ഏറെ മുന്നിലെത്തിയിരിക്കും. 18-20 വയസിൽ എൻട്രി കേഡറിൽ ക്ളാർക്കായി കയറുന്ന ഒരാൾക്ക് 35 വർഷത്തിനു മേൽ സർവീസ് ലഭിക്കും. പരമാവധി പ്രൊമോഷനും ലഭിക്കും. ഇതാണ് പി.എസ്.സി വഴി നിയമനം നേടിയവരിൽ അസന്തുഷ്ടി സൃഷ്ടിക്കുന്നത്.
ആശ്രിതനിയമനം എൻട്രി കേഡറിലേ നൽകാവൂ എന്ന വ്യവസ്ഥ നിലനിൽക്കെ അതു ലംഘിച്ച് അടുത്തിടെ ഒരു എം.എൽ.എ യുടെ മകന് ഉയർന്ന തസ്തികയിൽ നിയമനം നൽകിയത് വിവാദമായിരുന്നു. കാലാകാലങ്ങളിൽ അധികാരത്തിലുള്ള സർക്കാരിനെ സ്വാധീനിച്ച് സർവീസ് സംഘടനകളുടെ ഇടപെടലാണ് അഞ്ച് ശതമാനം എന്ന കണക്കിൽ നിന്ന് 14 ശതമാനം വരെയൊക്കെ ആശ്രിതനിയമന തോത് എത്തിക്കുന്നത്. സംസ്ഥാനത്ത് 1970 മുതലാണ് ആശ്രിത നിയമനം ആരംഭിച്ചത്. സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാൽ ജീവിത പങ്കാളിക്കോ മക്കൾക്കോ, മരിച്ചയാൾ വിവാഹിതനല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ സർക്കാർ സർവീസിൽ ജോലി നൽകുന്ന രീതിയാണിത്. നിലവിലെ ചട്ടം അനുസരിച്ച് മരിച്ചയാൾ വിവാഹിതനല്ലെങ്കിൽ അവിവാഹിതരായ സഹോദരങ്ങൾക്കോ മാതാപിതാക്കളിൽ ഒരാൾക്കോ സർക്കാർ ജോലി ലഭിക്കും. മരണം നടന്ന് രണ്ട് വർഷത്തിനകം ഇവർ ജോലിക്ക് അപേക്ഷിക്കണം. ആശ്രിതനിയമന രീതിയിൽ സർക്കാർ മാറ്റം വരുത്തുമോ എന്ന ഉത്കണ്‌ഠയിലാണ് നിയമനം കാത്ത് ക്യൂവിലുള്ള നിരവധി കുടുംബങ്ങൾ. അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നത് മനുഷ്യത്വപരമായ സമീപനമാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |