രണ്ടുവർഷം നീണ്ട കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം വലിയ പരാതികളൊന്നുമില്ലാതെ നടന്ന ശബരിമല തീർത്ഥാടനം വെള്ളിയാഴ്ച പര്യവസാനിക്കുകയാണ്. തീർത്ഥാടന നടത്തിപ്പു ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന് മനംകുളിർക്കെ സന്തോഷിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചാണ് തീർത്ഥാടനം സമാപിക്കുന്നത്. ഇതാദ്യമായി സീസണിൽ മുന്നൂറ്റിയൻപതു കോടിയോളം രൂപ വന്നുചേർന്നത് ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റി. ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിനും ചെലവുകൾക്കും ഒരു വർഷത്തേക്ക് മുട്ടുവരില്ലെന്നത് നല്ല കാര്യമാണ്.
കൊവിഡ് കാരണം രണ്ടുവർഷം വളരെ നിയന്ത്രിതമായ തോതിലായിരുന്നു തീർത്ഥാടനം. വലിയ തോതിലുള്ള പരാതികളും ആപത്തുകളും കൂടാതെ തീർത്ഥാടനകാലം സമാപിക്കുന്നത് ദേവസ്വം ബോർഡിനും സർക്കാരിനും വലിയ ആശ്വാസമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം തീർത്ഥാടക ലക്ഷങ്ങൾക്ക് അനുഭവിക്കേണ്ടിവന്ന ക്ളേശങ്ങൾക്ക് ഇക്കുറിയും കുറവുണ്ടായില്ല. തിരക്ക് നിയന്ത്രിക്കാനും ഒരു നിമിഷമെങ്കിലും അയ്യപ്പന്റെ മുന്നിൽനിന്നു വണങ്ങാനുമുള്ള അസുലഭ മുഹൂർത്തം കൊതിച്ചുകൊണ്ടാണ് ഓരോ ഭക്തനും ശബരിമലയാത്രയ്ക്ക് ഒരുങ്ങുന്നത്. എന്നാൽ സന്നിധാനത്തെ അഭൂതപൂർവമായ തിരക്ക് നിയന്ത്രിക്കാനുതകുന്ന സ്ഥിരം സംവിധാനമൊരുക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് വലിയ പോരായ്മ തന്നെയാണ്. ശാസ്ത്രീയമാർഗങ്ങൾ അവലംബിച്ച് ഇതിനുള്ള ഏർപ്പാടുകൾ ചെയ്യാവുന്നതാണ്. മകരജ്യോതി ദർശനത്തിന് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി ഒന്നേമുക്കാൽ ലക്ഷം ഭക്തർ തിങ്ങിക്കൂടിയിട്ടും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ലെന്നത് അധികൃതർ കൈക്കൊണ്ട സുരക്ഷാനടപടികളുടെ വിജയം തന്നെയാണ്. സന്നിധാനത്തും പമ്പയിലും വിന്യസിച്ചിരുന്ന പൊലീസ് സേനയുടെ സേവനവും മാതൃകാപരമായിരുന്നു. രണ്ടുദിവസം മുൻപ് സന്നിധാനത്ത് ദേവസ്വം ബോർഡ് ജീവനക്കാരിലൊരാൾ ഭക്തരെ തള്ളിമാറ്റിയ സംഭവം പരക്കെ വിമർശനത്തിനു കാരണമായി. ഹൈക്കോടതിയും പ്രശ്നത്തിൽ സത്വരം ഇടപെടുകയുണ്ടായി. ഒറ്റപ്പെട്ടതെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിനു ഭക്തരെത്തുന്ന ശബരിമലയിൽ ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്.
മൂന്ന് - നാല് കോടി ഭക്തരെത്തുന്ന ശബരിമല പോലുള്ള തീർത്ഥാടന കേന്ദ്രത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ വലിയ വെല്ലുവിളി തന്നെയാണ്. ആവശ്യത്തിനു ഭൂമി വിട്ടുകിട്ടാതെ ഇതൊന്നും സാദ്ധ്യവുമല്ല. വനനിയമം ബാധകമാണെങ്കിലും ശബരിമലയിൽ ഭക്തരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവൃത്തികൾ ഏറ്റെടുക്കാനാവശ്യമായ ഭൂമി വിട്ടുനൽകാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്.
അരവണയിൽ ചേർക്കുന്ന ഏലയ്ക്കയുടെ പേരിൽ അവസാന നാളിലുണ്ടായ പുകിലാണ് തീർത്ഥാടന കാലത്തുണ്ടായ മറ്റൊരു ദുരനുഭവം. ദേവസ്വം ബോർഡ് ഉടനടി ആ പ്രശ്നത്തിനും പരിഹാരം കണ്ടെങ്കിലും ഇത് ഒരു മുന്നറിയിപ്പായിത്തന്നെ കാണണം. കരാറുകാരെ നിശ്ചയിക്കുമ്പോൾ ഓരോ കാര്യത്തിലും പതിന്മടങ്ങ് സൂക്ഷ്‌മത പാലിച്ചില്ലെങ്കിൽ കുഴപ്പങ്ങളിൽ ചെന്നുചാടുമെന്ന് ഏലയ്ക്ക വിവാദം ഓർമ്മിപ്പിക്കുന്നു.
എല്ലാ സീസണിലുമെന്നപോലെ ഇത്തവണയും അയ്യപ്പന്മാർ വാഹനാപകടങ്ങളിൽപെട്ട് അകാലമൃത്യുവിനിരയായത് ദുഃഖകരമാണ്. കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കാണ് ഈ ദുർവിധിയുണ്ടായത്. റോഡുകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതിരുന്നതും രാത്രികാല ഡ്രൈവിംഗുമാണ് പല അപകടങ്ങൾക്കും കാരണം. അതിർത്തികളിൽ വച്ചുതന്നെ ഇവർക്ക് മതിയായ മാർഗനിർദ്ദേശങ്ങൾ നൽകാൻ സംവിധാനം ഒരുക്കാവുന്നതാണ്. ശബരിമല തീർത്ഥാടനകാലത്ത് പ്രത്യേക പരിശീലനം നൽകിയ പൊലീസ് സേനാംഗങ്ങളുടെ സേവനമാണ് ആവശ്യം. തിരക്ക് നിയന്ത്രിക്കാനും ഭക്തരോട് കൂടുതൽ അനുഭാവവും സാന്ത്വനവും പുലർത്താനും കഴിയുന്നവരാകണം ഇതുപോലുള്ള തീർത്ഥാടനകേന്ദ്രങ്ങളിൽ നിയോഗിക്കപ്പെടേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |