പേരയ്‌ക്ക പറിച്ചതിന് പന്ത്രണ്ടുവയസുകാരനെ പിന്തുടർന്നെത്തി സ്കൂട്ടറിടിച്ച് പരിക്കേൽപ്പിച്ച നരാധമനെ കേരളം വാർത്തകളിലൂടെ കണ്ടു. അങ്ങേയറ്റം ക്രൂരമായ മാനസികാവസ്ഥയുള്ള ഒരാൾക്കല്ലേ ഇത് ചെയ്യാനാവൂ. ഒരു കുട്ടിയുടെ മുഖത്തേക്ക് നോക്കിയാൽ ഇത്ര ക്രൗര്യത്തോടെ പെരുമാറാൻ കഴിയുന്ന അയാൾ മനുഷ്യനാണെന്ന് തോന്നുന്നില്ല. ഇനി അറിയേണ്ടത് ഇത്രയും ഹീനവും ക്രൂരവുമായ പ്രവൃത്തി ചെയ്‌ത ആ മനുഷ്യന് കിട്ടാവുന്ന പരമാവധി ശിക്ഷ എന്തെന്ന് മാത്രമാണ്.
കുട്ടികൾക്ക് നേരെയുള്ള ഇത്തരം ക്രൂരതകൾക്ക് കഠിനശിക്ഷ ഉറപ്പാക്കിയേ മതിയാവൂ. നിസാരശിക്ഷ സമൂഹത്തിന് തെറ്റായ സന്ദേശമേ നല്‌കൂ. ഇത്രയും വലിയൊരു ക്രൂരത നേരിടേണ്ടിവന്ന ആ കുഞ്ഞിന്റെ മനസിനേറ്റ വേദന സമൂഹത്തിന്റെ വേദനയാണ്. അമ്മമാരുടെ വേദനയാണ്. അതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം.
പാർവതി ജ്യോതിദേവ്
പെരുമ്പാവൂർ
കുട്ടികളും മൊബൈലും;
ആശങ്ക അകറ്റണം
കൊവിഡ് കാലം കുട്ടികളുടെ മൊബൈൽ ഉപയോഗത്തിൽ ഉണ്ടാക്കിയ വലിയ വ്യത്യാസം അവരുടെ മാനസിക വികാസം ഉറപ്പാക്കിയതിനൊപ്പം ചതിക്കുഴികളിലേക്ക് വീഴാനുള്ള സാദ്ധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്.
എന്നാൽ മാറിയ കാലത്തിന്റെ വിദ്യാഭ്യാസരീതികളിൽ വന്ന മാറ്റങ്ങൾ മൊബൈലിനെ അവശ്യവസ്തുവാക്കിയിട്ടുണ്ട്. സ്കൂളുകളിൽ മൊബൈൽ ഫോണിന് കർശന വിലക്കുണ്ട്. എന്നാൽ സ്കൂളിൽ നിന്നും നേരെ ട്യൂഷൻ ക്ളാസിലേക്കും രാവിലെ സ്കൂളിലെത്തും മുൻപ് ട്യൂഷൻ ക്ലാസിലേക്കും പോകുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളെ ബന്ധപ്പെടാൻ മൊബൈൽ ആവശ്യമാണ്. അതിനാൽ മൊബൈൽ പൂർണമായും കുട്ടികളിൽ നിന്ന് അകറ്റാനാവുമോ എന്ന ആശയക്കുഴപ്പത്തിലാണ് പല മാതാപിതാക്കളും. മൊബൈൽ ഉപയോഗത്തിലും സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലും ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നല്കുക മാത്രമാണ് പോംവഴി. വിദ്യാഭ്യാസവകുപ്പും അദ്ധ്യാപക- രക്ഷാകർത്തൃ കൂട്ടായ്‌മയും പൊലീസുമെല്ലാം ഇതിന് മുൻകൈയെടുക്കണം.
മൊബൈലിന് പുറത്ത് ഉല്ലാസത്തിന്റെയും ആഹ്ലാദത്തിന്റെയും വഴികൾ വിശാലമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. കലാകായികരംഗം, മികച്ച സൗഹൃദക്കൂട്ടായ്‌മകൾ, സംഗീതോപകരണങ്ങളുടെ പരിശീലനം എന്നിവയെല്ലാം കുട്ടികളിലെ പ്രതിഭകളെ വളർത്തിയെടുക്കാനുള്ള മാർഗങ്ങളാണ്. ഇന്നത്തെ എല്ലാ മാതാപിതാക്കളും മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് അത്യന്തം ഉത്കണ്‌ഠാകുലരാണ്. കുട്ടികളെ ഇന്റർനെറ്റ് കെണികളിൽ നിന്നും രക്ഷിക്കാൻ സമൂഹമാകെ മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.
റോഷ്‌ലിൻ ജോസ്
കട്ടപ്പന
ഗുണ്ടാപ്പേടിയിൽ
കേരളം
സ്വൈരജീവിതം നഷ്‌ടമായ നിലയിലാണ് നമ്മുടെ കേരളം. ഗുണ്ടകളും ലഹരി -മാഫിയാ രംഗവും ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായി വളരുകയാണ്. അവർക്ക് രഹസ്യ പിന്തുണയുമായി രാഷ്ട്രീയ നേതൃത്വങ്ങളും. ഭരണനേതൃത്വത്തിന്റെ മൗനാനുവാദം ഉറപ്പാക്കുന്ന തരത്തിലാണ് കേരളത്തിൽ ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഗുണ്ടകൾ അഴിഞ്ഞാടുന്നത്. പൊലീസിന്റെ കൈകൾ കെട്ടിയ നിലയിലാണ് സംസ്ഥാനത്തെ ക്രമസമാധാന പാലനം. കവർച്ചകൾ മറ്റൊരു വശത്ത്. വീടുപൂട്ടി സ്വസ്ഥമായി പുറത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതി.
ആഭ്യന്തരവകുപ്പ് ദുർബലമാകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇവിടെ നടക്കുന്ന ഗുണ്ടാവിളയാട്ടങ്ങൾ. എന്ത് സംഭവിച്ചാലും അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് എഴുതിത്തള്ളുന്ന മനോഭാവം നല്ല ഭരണാധികാരികൾക്ക് യോജിച്ചതല്ല.
സുജിത്ത് കെ.എസ്
വടകര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |