ഹൈദരാബാദ്: 2023 ഓസ്‌കാർ നോമിനേഷനില്‍ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ ഇടം പിടക്കാത്തതിൽ നിരാശയുണ്ടെന്ന് സംവിധായകൻ എസ് എസ് രാജമൗലി. എന്നാൽ ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ഓസ്‌കാർ പട്ടികയിൽ ഇടംപിടിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഇത് തീർത്തും നിരാശാജനകമാണ്. എങ്ങനെ സംഭവിച്ചു എന്നറിയില്ല. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി അതുമായി മുന്നോട്ട് പോവുക. എന്നിരുന്നാലും ഞാൻ സന്തോഷവാനാണ്. ഇന്ത്യൻ ചിത്രമായ ഛെല്ലോ ഷോ ഓസ്കാറിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടല്ലോ. ആർ ആർ ആർ ഓസ്‌കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ ഫിലിം ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ എന്തൊക്കെയാണെന്ന് എനിക്കറിയില്ല. അതുകൊണ്ട് തന്നെ അതിൽ എനിക്ക് അഭിപ്രായം പറയാനും സാധിക്കില്ല.'- രാജമൗലി പറഞ്ഞു.
ആർ ആർ ആറിന് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ക്രിട്ടിക് ചോയ്‌സ് അവാർഡും ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൺ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർ ചേർന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിൻറെയും ജൂനിയർ എൻ ടി ആറിൻറെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |