ചെങ്ങന്നൂർ: ആക്രിസാധനങ്ങൾക്കൊപ്പം നഷ്ടപ്പെട്ട എ.ടി.എം കാർഡുപയോഗിച്ച് 6.31ലക്ഷം രൂപ പിൻവലിച്ച സംഭവത്തിൽ തമിഴ്നാട് തെങ്കാശി സ്വദേശി ബാലമുരുകൻ (43)നെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ അക്കൗണ്ടിലെ പണമാണ് നഷ്ടമായത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ. ഷാജി 25 വർഷമായി വിദേശത്താണ്. എസ്.ബി.ഐ ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ട് മുഖേന 2018ലാണ് ഷാജിക്ക് പുതിയ കാർഡ് ലഭിച്ചത്. കാർഡ് കിട്ടി കുറച്ചു ദിവസങ്ങൾക്കകം ഷാജി തിരികെ അബുദാബിയിലെ ജോലി സ്ഥലത്തേക്കു മടങ്ങി. കാർഡ് വീട്ടിൽത്തന്നെയായിരുന്നു. പിൻ നമ്പറും കാർഡിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം ആക്രിസാധനങ്ങൾ വിറ്റപ്പോഴാണ് കാർഡ് നഷ്ടമായത്.
വിദേശത്തെ മൊബൈൽ നമ്പർ ആണ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നത്. ഈ നമ്പർ സ്വിച്ച് ഓഫ് ചെയ്ത് അബുദാബിയിൽ സൂക്ഷിച്ച ശേഷമാണ് ഷാജി നാട്ടിലെത്തിയത്. ഇതുമൂലം പണം പിൻവലിച്ച സന്ദേശങ്ങൾ ലഭിച്ചില്ല. ഒക്ടോബർ 25ന് ബാങ്ക് ശാഖയിലെത്തി പണം പിൻവലിക്കാൻ ചെക്ക് നൽകിയപ്പോഴാണ് അക്കൗണ്ടിൽ നിന്ന് 6.31 ലക്ഷം രൂപ എ.ടി.എം. ഉപയോഗിച്ചു പിൻവലിച്ചത് അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി.
തിരുവനന്തപുരം, പുനലൂർ, മധുര, നാമക്കൽ, സേലം തുടങ്ങിയ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്. ആറു ലക്ഷം രൂപ കണ്ടെടുത്തു. ചെങ്ങന്നൂർ എസ്.എച്ച്.ഒ. എ.സി. വിപിൻ, എസ്.ഐ.മാരായ എം.സി. അഭിലാഷ്, ബാലാജി എസ്. കുറുപ്പ്, സി.പി.ഒ.മാരായ ജി. ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്‌കർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |