കൊച്ചി: പുതിയ വീടിന് ഒക്കുപൻസി സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വരുത്തിയതിന് തിരുവനന്തപുരം കോർപ്പറേഷന് 10,000 രൂപ പിഴ വിധിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ. തുക രണ്ട് മാസത്തിനകം പരാതിക്കാരന് കൈമാറി അസി. എൻജിനിയർ ചിഞ്ചുവിന്റെയും റവന്യൂ ഇൻസ്പെക്ടർ ചന്ദ്രബാബുവിന്റെയും ശമ്പളത്തിൽ നിന്ന് പിടിക്കണമെന്നും ഇവർക്കെതിരെ നഗരസഭാ സെക്രട്ടറി അച്ചടക്കനടപടി ഉറപ്പാക്കണമെന്നും ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഉത്തരവിൽ നിർദ്ദേശിച്ചു.
വട്ടിയൂർക്കാവ് വാഴോട്ടുകോണം കാപ്പിവിള വീട്ടിൽ ആർ. സുരേന്ദ്രൻ നായരുടെ പരാതിയിലാണിത്.
2018 ഏപ്രിൽ ആറിനാണ് സുരേന്ദ്രൻ നായർ കംപ്ളീഷൻ സർട്ടിഫിക്കറ്റ് സഹിതം ഒക്കുപൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. നൂറു ദിവസത്തോളം ഓവർസിയറുടെ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും നൽകിയില്ല. 2000 രൂപ കൈക്കൂലി നൽകിയ ശേഷമാണ് ഒപ്പിട്ടത്. കരം നിശ്ചയിക്കാൻ റവന്യൂ ഇൻസ്പെക്ടറും 18 ദിവസം നടത്തി. 1000 രൂപ കൈക്കൂലി വാങ്ങിയാണ് കരം തീർച്ചപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.
ജോലിഭാരംകൊണ്ടാണ് നടപടികൾ വൈകിയതെന്നും പരാതി വ്യക്തിഹത്യ നടത്താനാണെന്നും ഇടതുകാലിന് 60 ശതമാനം വൈകല്യമുണ്ടായിട്ടും കൃത്യമായി ജോലി നിർവഹിക്കുന്നുണ്ടെന്നുമായിരുന്നു അസി. എൻജിനിയറുടെ വിശദീകരണം. ജോലിഭാരത്താലുണ്ടായ വീഴ്ച മാപ്പാക്കണമെന്നായിരുന്നു ഓവർസിയർ ബോധിപ്പിച്ചത്.
തീരുമാനം അസാധാരണമായി വൈകിയതിനാൽ പരാതിക്കാരന്റെ കൈക്കൂലി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണക്കാക്കേണ്ടിവരുമെന്ന് ഓംബുഡ്സ്മാൻ പറഞ്ഞു. പണം നൽകിയെന്ന ആരോപണം മറുപടിയിൽ വ്യക്തമായി നിഷേധിച്ചിട്ടുമില്ല, അപേക്ഷ കിട്ടി പത്ത് ദിവസത്തിനകം തീർപ്പാക്കണമെന്ന മാർഗനിർദ്ദേശം ലംഘിക്കപ്പെട്ടു. സേവന അവകാശ നിയമം നഗരസഭയ്ക്ക് ബാധകമാണെന്നും ജസ്റ്റിസ് ഗോപിനാഥൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |