SignIn
Kerala Kaumudi Online
Monday, 21 September 2026 7.56 AM IST

രഹസ്യങ്ങൾ ഒളിപ്പിച്ച ഗോൾഡൻ ബോയ്

mummy

കെയ്റോ : 2,300 വർഷങ്ങൾക്ക് മുമ്പ് ഈജിപ്റ്റിൽ കൗമാരപ്രായത്തിലെ ഒരു ആൺകുട്ടി മരിച്ചു. വിശ്വാസ പ്രകാരം കുട്ടിയുടെ മൃതദേഹം മമ്മിയുടെ രൂപത്തിലാക്കി. ഒപ്പം അടുത്ത ജന്മത്തിലേക്ക് ആ കുട്ടിയുടെ ആത്മാവിനെ നയിക്കാൻ 49 സ്വർണ്ണ മന്ത്രത്തകിടുകളും ഒരു സ്വർണ മുഖം മൂടിയും കൊണ്ട് മമ്മി അലങ്കരിച്ചു.

നൂറ്റാണ്ടുകളായി രഹസ്യമായി തുടർന്ന മന്ത്രത്തകിടുകളും മുഖംമൂടിയും ഇപ്പോൾ ആ മമ്മിയെ അതിന്റെ നിദ്രയിൽ നിന്നുണർത്താതെ സി.ടി സ്കാനിലൂടെ ഡിജിറ്റലായി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഗോൾഡൻ ബോയ് എന്നാണ് ഗവേഷകർ ഈ മമ്മിക്ക് നൽകിയിരിക്കുന്ന പേര്.

മമ്മിയുടെ പുറത്തും ഉള്ളിലും മന്ത്രത്തകിടുകൾ സ്ഥാപിച്ചിട്ടുണ്ട്. 1916ൽ തെക്കൻ ഈജിപ്റ്റിലെ നാഗ് എൽ ഹാസെയ് എന്നറിയപ്പെടുന്ന ശ്മശാനത്തിൽ നിന്നാണ് ഈ മമ്മി കണ്ടെത്തിയത്. ബി.സി 332 - ബി.സി 30 കാലയളവിൽ ഉപയോഗിച്ചിരുന്നതാണ് ശ്മശാനം. ആയിരക്കണക്കിന് മമ്മികളാണ് ഇവിടെ കണ്ടെത്തിയത്. പലതും ഇപ്പോഴും പേടകത്തിനുള്ളിൽ തന്നെയാണ്.

ഇവയെല്ലാം കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് മാറ്റി. മമ്മികളെ പറ്റി പഠനങ്ങൾ നടത്തേണ്ടതുണ്ടെങ്കിലും പേടകത്തിൽ നിന്ന് പുറത്തെടുക്കുന്നത് അവയ്ക്ക് കേടുവരുത്തുമെന്നതിനാൽ ഗവേഷകർ മടിച്ചു. സമീപ വർഷങ്ങളിലായാണ് സി.ടി സ്കാൻ വഴി മമ്മികളെ അവയുടെ ബാഹ്യകവചങ്ങൾ നീക്കാതെ പഠനവിധേയമാക്കുന്നത് വ്യാപിച്ചത്.

ഗോൾഡൻ ബോയ് മമ്മി രണ്ട് പേടകങ്ങൾക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. 21 വ്യത്യസ്ത ഡിസൈനുകളിലെ 49 മന്ത്രത്തകിടുകൾക്ക് പുറമേ സ്വർണ്ണ നാവും ഗോൾഡൻ ബോയ് മമ്മിക്കുണ്ട്. ഏകദേശം 14 - 15 വയസിലാണ് ഗോൾഡൻ ബോയ് മരിച്ചതെന്ന് കരുതുന്നു. ഹൃദയം ഒഴികെ മറ്റ് അവയവങ്ങൾ അപ്രത്യക്ഷമായിരുന്നെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം, ഗോൾഡൻ ബോയ് എങ്ങനെ മരിച്ചെന്നോ ആരായിരുന്നെന്നോ അജ്ഞാതമാണ്. ഗോൾഡൻ ബോയ് പുരാതന ഈജിപ്റ്റിലെ ഉന്നത കുടുംബത്തിൽപ്പെട്ട ഒരാളാകാമെന്നാണ് മമ്മിയാക്കപ്പെട്ടിരിക്കുന്ന രീതി പരിഗണിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത്. ഈജിപ്ഷ്യൻ മ്യൂസിയത്തിലെ പ്രധാന പ്രദർശന ഹാളിലേക്ക് ഗോൾഡൻ ബോയിയെ മാറ്റിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360