ചാലക്കുടി: ജർമ്മനിയിൽ നഴ്‌സിംഗ് പഠനത്തിന് വിസ വാഗ്ദാനം ചെയത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂർ കരുവാപ്പടി നന്ദീവരം വീട്ടിൽ അരുണിന്റെ മകൻ ഋഷികേശ് (29) ആണ് അറസ്റ്റിലായത്. കൊരട്ടി സ്വദേശിനിയായ പെൺകുട്ടിയുടെ പക്കൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തട്ടിപ്പ് നടത്തി വിദേശത്തും ഡൽഹിയിലും കൊൽക്കത്തയിലും മറ്റും ഒളിവിൽ കഴിയുമായിരുന്നു. ഇയാൾക്കെതിരെ കോടതിയിൽ നിന്നും അറസ്റ്റ് വാറണ്ടുമുണ്ട്.
മുംബൈ വിമാനത്താവളത്തിൽ നിന്നും അർമേനിയയിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെ ലുക്ക് ഔട്ട് സർക്കുലർ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി കൊരട്ടി പൊലീസിന് കൈമാറുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ അമ്മയുമായ ഉഷാവർമ ഒളിവിലാണ്. മറ്റൊരു പ്രതിയെ കൂത്താട്ടുകളം തിരുമാറാടി ദേശത്ത് ഗ്രേസി മത്തായി (52)യെ ഒരു വർഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ വിശ്വാസ്യത ലഭിക്കാൻ ഇയാൾ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം.
പണമിടപാടുകൾ മുഴുവനും ബാങ്ക് മുഖേനയാണ് നടത്തിയിരിക്കുന്നത്. ഓഫറിംഗ് ലെറ്റർ, ഡോക്യുമെന്റേഷൻ ഹെൽത്ത് ഇൻഷ്വറൻസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് കേസിലെ മുഖ്യപ്രതികളായ ഋഷികേശും ഉഷവർമ്മയും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം അടപ്പിച്ചത്. ഋഷികേശും അമ്മ ഉഷവർമ്മയും നിരവധി ആളുകളുടെ കൈയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി ലഭിച്ചിട്ടുള്ളതായി എസ്.എച്ച്.ഒ: ബി.കെ. അരുൺ പറഞ്ഞു. ചാലക്കുടി സ്റ്റേഷനിലും മറ്റും ഇവർക്കെതിരെ കേസുകളുണ്ട്. മുംബൈയിൽ നിന്നും കൊരട്ടി സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, എം.വി. സെബി, സീനിയർ സി.പി.ഒമാരായ എം. മനോജ്, നിധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |