തിരുവനന്തപുരം: ആർക്കും നൽകാതിരുന്ന ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ സി.പി.ഐയ്ക്കും റവന്യു വകുപ്പിനും അതൃപ്തി. സൗദിയിൽ നിന്ന് ഇന്നലെ വൈകിട്ട് തിരികെയെത്തിയ റവന്യു മന്ത്രി കെ.രാജൻ സി.പി.ഐ നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്യും.
കഴിഞ്ഞ സർക്കാരിന്റെ കാലം വരെ റവന്യു മന്ത്രിയാണ് ദുരന്ത നിവാരണ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ ആർക്കും നൽകാതിരുന്ന വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതോടെ , ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അധികാരം പൂർണമായി നഷ്ടമാവുമെന്നാണ് റവന്യു വകുപ്പിന്റെ ആശങ്ക. . ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം കൊടുത്തിരുന്നത് റവന്യു വകുപ്പാണ്. ഇനി,
റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ദുരന്ത പ്രതികരണ സെക്രട്ടറിക്കു നൽകുന്ന ഫയൽ മുഖ്യമന്ത്രിയും കണ്ട ശേഷമേ തുക അനുവദിക്കാനാവൂ.
2018 ലെ മഹാപ്രളയ കാലത്ത് ദുരന്തനിവാരണ വകുപ്പിന്റെ എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരോഗ്യ പ്രവർത്തനവും നിർവഹിച്ചിരുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നെങ്കിലും, നഷ്ടപരിഹാര വിതരണവും പ്രളയ റോഡുകളുടെ പുനർ നിർമാണവുമടക്കം റവന്യു മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു . രണ്ടാം പിണറായി സർക്കാരിന്റെ ആദ്യഘട്ടത്തിൽ ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനായിരുന്നു തീരുമാനം. നഷ്ടപരിഹാരം, പ്രളയ റോഡുകളുടെ നിർമാണം, ദുരന്ത പ്രതികരണ ജില്ലാതല സമിതികൾ എന്നിവ റവന്യു വകുപ്പിൽ നിലനിറുത്തണമെന്ന സി.പി.ഐയുടെ ആവശ്യം സി.പി.എമ്മിന് സ്വീകാര്യമായില്ല. .ഇവയുടെ ചുമതല നൽകണമെന്ന് കാട്ടി റവന്യു വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |