തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ പരാജയമെന്തെന്നറിയാതെ വിജയ സോപാനത്തിൽ ആദ്യവസാനം വിരാജിച്ച ജനനേതാവും, അനന്യമായ നേതൃപാടവവും അനിതരസാധാരണമായ കർമകുശലതയും അനുകമ്പാർദ്രമായ പെരുമാറ്റവും വഴി ജനതയുടെ അളവില്ലാത്ത സ്നേഹാദരങ്ങൾ നേടിയ കാരുണ്യത്തിന്റെ മഹാപ്രമാണിയുമായിരുന്നു കെ.എം .മാണിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു.
. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ മാണിസാറിന്റെ പ്രസംഗങ്ങൾ എന്നെ ആവേശഭരിതനാക്കിയിരുന്നു. ചക്കാമ്പുഴയിലും ഇടക്കോലിയിലും രാമപുരത്തും പാലായിലും നിരവധി വേദികളിൽ അദ്ദേഹത്തെ ശ്രവിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹത്തെ അനുകരിക്കാനുള്ള ആഗ്രഹം ബാലനായിരിക്കുമ്പോഴേ മുളയെടുത്തു.കാലാനുസൃതവും ആധുനികവുമായ പദപ്രയോഗങ്ങൾ നടത്തുന്നതിലും യുക്തായുക്തങ്ങളെ പരീക്ഷിച്ച് യുക്തം ഇന്നതെന്നു തീർച്ചപ്പെടുത്തി അതു സമർത്ഥിക്കുന്നതിലും അദ്ധ്വാനവർഗത്തിന്റെ ഈ വലിയ പടത്തലവൻ അസാധാരണമായ വൈഭവം പുലർത്തി. നിയമസഭയിൽ അദ്ദേഹം നടത്തിയ “അഡീഷണാലിറ്റി പ്രയോഗം വിമർശിക്കപ്പെട്ടപ്പോൾ, കേംബ്രിഡ്ജ്, ഓക്സ്ഫർഡ്, വെബ്സ്റ്റർ നിഘണ്ടുക്കളുടെ സഹായത്തോടെ തന്റെ പദപ്രയോഗത്തെ അദ്ദേഹം സമർത്ഥിച്ചു. “വാക്കുകൾക്ക് അൽപം ഗൗരവം വേണം” എന്ന് അദ്ദേഹം ചിലപ്പോഴെങ്കിലും എന്നെ ഓർമിപ്പിച്ചിട്ടുണ്ട്.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, എന്റെ ഇരുപത്താറാം വയസ്സിൽ, പേരാമ്പ്രയിൽ
സ്ഥാനാർത്ഥിയാക്കിയത് മാണി സാറാണ്..നീണ്ട പതിനെട്ടു വർഷം മാണി സാറിനോടൊപ്പം നിയമസഭാംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞു. ഞാനുൾപ്പെടെ പാർട്ടിയുടെ എം.എൽ.എമാരും നേതാക്കന്മാരും വിഷയങ്ങൾ ആഴത്തിൽ പഠിക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. 2001ൽ നിയമസഭയിലെത്തിയ സ്റ്റീഫൻ ജോർജിനും തോമസ് ഉണ്ണിയാടനും എനിക്കും വേണ്ടി അദ്ദേഹം നിയമസഭാ സമ്മേളനത്തിനു മുമ്പ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നിയമസഭയിൽ എങ്ങനെ പെരുമാറണമെന്നും പ്രസംഗിക്കണമെന്നും പ്രശ്നങ്ങളിൽ ഇടപെടണമെന്നും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തേണ്ടത് എങ്ങനെയെന്നും സുദീർഘമായി പഠിപ്പിച്ചു..
വിജയ വിഭവനായി, കർമ്മ സചിവനായി, നിയമസഭാംഗത്വത്തിൽ മറ്റൊരു കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടാണ് സംഭവബഹുലമായ തന്റെ കർമ്മവൃത്തം മാണി സാർ പൂർത്തിയാക്കിയത്. ഏറെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്ത ആചാര്യനെ, പാലായുടെ മാണിക്യത്തെ, കേരള രാഷ്ട്രീയത്തിലെ മഹാമേരുവിനെ, കർഷകനും തൊഴിലാളിക്കും വേണ്ടി നിതാന്തം മുഴങ്ങിയ സിംഹഗർജനത്തെ, അലിവിന്റെയും ആർദ്രതയുടെയും ആൾരൂപത്തെ, നിത്യതയിൽ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.- മന്ത്രി പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |