SignIn
Kerala Kaumudi Online
Friday, 26 April 2024 7.49 PM IST

ഡ്രൈവിംഗ് പഠനം കൂടുതൽ ശാസ്ത്രീയമാകട്ടെ

photo

സംസ്ഥാനത്ത് ഡ്രൈവിംഗ് പഠനവും പരിശീലനവും കുറ്റമറ്റരീതിയിൽ നടപ്പാക്കാനുള്ള സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണ്. ഡ്രൈവിംഗ് പരിശീലനത്തിലും ടെസ്റ്റിലും ഒരുപാടു മാറ്റങ്ങൾ ഇടക്കാലത്ത് വന്നിട്ടുണ്ടെന്നുള്ളത് ശരിതന്നെ. എന്നിരുന്നാലും ധാരാളം മാറ്റങ്ങൾ വരേണ്ടതായിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകൾ പലതും അല്പജ്ഞാനം നല്‌കി പരിശീലനം പൂർത്തിയാക്കി ആളുകളെ പുറത്തേക്കു വിടുകയാണു പൊതുവേയുള്ള രീതി. വല്ലവിധവും വളയം പിടിക്കാനുള്ള യോഗ്യത നേടിയാൽ ഡ്രൈവിംഗിൽ എല്ലാമായെന്ന വിചാരത്തിൽ പൊതുനിരത്തിൽ വാഹനങ്ങളുമായി ഇറങ്ങുന്നവർ വരുത്തുന്ന അനർത്ഥങ്ങൾ നിത്യേന കാണുന്നതാണ്. പ്രതിവർഷം ഉണ്ടാകുന്ന പതിനായിരക്കണക്കിന് റോഡപകടങ്ങളിൽ നല്ലൊരു ശതമാനം വാഹനമോടിക്കുന്നവരുടെ കുറ്റംകൊണ്ടു സംഭവിക്കുന്നതാണ്. പല പഠനങ്ങളിലും അത് പരാമർശിക്കുന്നുണ്ട്. ഗതാഗതനിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവർ വളരെ കുറവാണെന്ന വസ്തുതയും എല്ലാവർക്കുമറിയാം.

സംസ്ഥാനത്ത് ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുമൊക്കെ സഹകരണ മേഖലയ്ക്കു കൈമാറാനാണ് സർക്കാർ ആലോചിക്കുന്നത്. പരിശീലനത്തിനും ടെസ്റ്റിനും കേന്ദ്രം കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങൾ കർക്കശമായി നടപ്പാക്കാൻ ശേഷിയുള്ള സ്ഥാപനത്തിന് കൈമാറേണ്ടിവരുമെന്ന ചിന്തയാണ് ഇത്തരമൊരു ഏകീകൃത സംവിധാനത്തിലേക്ക് സർക്കാരിനെ നയിക്കുന്നത്. സംസ്ഥാനത്തുടനീളം ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അയ്യായിരത്തിലേറെ ഡ്രൈവിംഗ് സ്കൂളുകളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാകും അത്. ഇവയിൽ പണിയെടുക്കുന്ന മുക്കാൽ ലക്ഷത്തോളം പേരുടെ വയറ്റുപിഴപ്പിനെ ബാധിക്കുന്ന വലിയൊരു സാമൂഹ്യപ്രശ്നവും ഇതിൽ അന്തർഭവിച്ചിട്ടുണ്ട്. ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും ഇപ്പോഴത്തേതിന്റെ പലമടങ്ങ് കർക്കശമാകേണ്ടത് അനിവാര്യമാണ്. പൊതുനിരത്തുകളിലെ അരാജകത്വം അത്രയേറെ ഭയാനക രൂപത്തിലുള്ളതാണെന്ന് ആരും സമ്മതിക്കും. കേന്ദ്ര നിയമപ്രകാരം ഡ്രൈവറാകാൻ പ്രായോഗിക പരിശീലനം മാത്രം പോര. ക്ളാസ് റൂം പഠനവും നിർബന്ധമാണ്. ചെറുതരം വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസിന് 29 മണിക്കൂർ ക്ളാസ് റൂം പഠനമാണ് കേന്ദ്രനിയമം അനുശാസിക്കുന്നത്. വലിയ വാഹനങ്ങളുടെ ലൈസൻസിനാണെങ്കിൽ 38 മണിക്കൂറാണ് ക്ളാസ് പഠനം. ഡ്രൈവിംഗ് അറിഞ്ഞാൽ മാത്രം പോര. ഓടിക്കുന്ന വാഹനങ്ങളെക്കുറിച്ചും ഒരു ധാരണ ഉണ്ടായിരിക്കണം. റോഡിൽ വാഹനവുമായി ഇറങ്ങുമ്പോൾ പാലിക്കേണ്ട മറ്റു മര്യാദകൾ, പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവ് തുടങ്ങിയ കാര്യങ്ങളിലും പൊതുവിജ്ഞാനം അത്യാവശ്യമാണ്.

പ്രായോഗിക പരിശീലനത്തിനുള്ള ടെസ്റ്റിംഗ് ഗ്രൗണ്ട് സംബന്ധിച്ചും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സമതല പ്രദേശത്ത് രണ്ടേക്കറും മലയോര മേഖലയിൽ ഒരേക്കറും വേണമെന്നാണ് കേന്ദ്ര നിയമത്തിൽ പറയുന്നത്. ഇത്രയും വിശാലമായ ടെസ്റ്റിംഗ് ഗ്രൗണ്ട് സംസ്ഥാനത്ത് ഒരിടത്തുപോലും ഉണ്ടാവില്ല. നിന്നുതിരിയാൻ പോലും ഇടയില്ലാത്ത ഇട്ടാവട്ടത്ത് അഞ്ചാറു കമ്പികൾ നാട്ടി തയ്യാറാക്കുന്ന സ്ഥലമാണ് ഒട്ടുമിക്ക ടെസ്റ്റിംഗ് ഗ്രൗണ്ടുകളും. ടെസ്റ്റിന് ഇപ്പോൾ ചില സ്ഥലങ്ങളിൽ കമ്പ്യൂട്ടറും അതിരുകൾ രേഖപ്പെടുത്തിയ നല്ല തറയുമൊക്കെ വന്നിട്ടുണ്ട്. എങ്കിലും മാറ്റങ്ങൾ ഇനിയും ഏറെ വരാനുണ്ട്.

വെറുതേ ഓടിക്കാൻ പഠിപ്പിക്കുന്നതല്ല ഡ്രൈവിംഗ് പരിശീലനമെന്ന് എല്ലാവരും മനസിലാക്കിയാലേ പൊതുനിരത്തുകളിലെ അച്ചടക്കരാഹിത്യത്തിന് കുറെയെങ്കിലും മാറ്റമുണ്ടാകൂ. ആ നിലയ്ക്ക് സർക്കാരിന്റെ പുതിയ സംരംഭം ശരിയായ വഴിക്കുള്ള കാൽവയ്‌പു തന്നെയാണ്. പരിഷ്‌കൃത രാജ്യങ്ങളിലെന്ന പോലെ ഡ്രൈവിംഗ് ടെസ്റ്റ് നിഷ്‌പക്ഷവും നിയമാനുസൃതവുമാക്കുകതന്നെ വേണം. അതിനുവേണ്ടിയുള്ള ഏതു ശ്രമവും വിജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRIVING TEST
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.