SignIn
Kerala Kaumudi Online
Friday, 20 September 2024 4.58 PM IST

ഈ കുഞ്ഞുങ്ങളോടിത് ചെയ്യുമ്പോൾ കേരളമേ... തല താഴ്‌ത്തൂ

Increase Font Size Decrease Font Size Print Page

pocso

നിയമം ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്നത് തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. പലപ്പോഴും അടുത്തറിയുന്നവരാണ് കുട്ടികളെ ചൂഷണം ചെയ്യുന്നതിൽ മുന്നിൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളിൽ പ്രതികളായവരിൽ നല്ലൊരുപങ്കും കുട്ടിയുമായോ കുടുംബവുമായോ അടുത്തബന്ധം പുലർത്തുന്നവരാണെന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.

ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമമാണ് പോക്‌സോ. സെക്‌ഷ്വൽ അബ്യൂസ്, സെക്‌ഷ്വൽ ഹരാസ്‌മെന്റ്, പോണോഗ്രഫി തുടങ്ങിയവയാണ് പ്രധാനമായും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ ഉൾപ്പെടുന്നത്. സമീപകാല കേസുകൾ വിലയിരുത്തിയാൽ പെൺകുട്ടികൾക്കൊപ്പം തന്നെ ആൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കാം. കുഞ്ഞുമനസിനെ ലൈംഗിക കണ്ണോടെ സമീപിക്കുന്ന സമൂഹം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പോക്‌സോ നിയമം നിലവിൽവന്ന് 10 വർഷം പിന്നിടുമ്പോഴും കേസുകൾ വലിയ തോതിൽ വർദ്ധിക്കുന്നത് സംസ്ഥാനത്തിന്റെ യശസ്സിന് തന്നെ കളങ്കമേൽപ്പിക്കുന്നതാണ്.

സംസ്ഥാനത്ത് ഈ വർഷം രജിസ്റ്റർ ചെയ്യപ്പെട്ട പോക്‌സോ കേസുകളുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 530 കുട്ടികളാണ് ജില്ലയിൽ പീഡനത്തിന് ഇരകളായത്. തൊട്ടുപിന്നിലുള്ള മലപ്പുറത്ത് 508 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 168 കേസുകൾ. കോഴിക്കോട്- 413, എറണാകുളം - 409, കൊല്ലം - 363, തൃശൂർ - 338, പാലക്കാട് - 271, കാസർകോട് -227, ഇടുക്കി-215, കണ്ണൂർ-201, ആലപ്പുഴ-198, കോട്ടയം-192, പത്തനംതിട്ട-177, വയനാട് 168 എന്നിങ്ങനെയാണ് സംസ്ഥാനതലത്തിൽ ഈ വർഷത്തെ പോക്‌സോ കേസ് കണക്കുകൾ.


2018ൽ സംസ്ഥാനത്ത് 3631 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2019 ആയപ്പോഴേക്കും നേരിയ വർദ്ധനവുണ്ടായി. ആ വർഷം 3540 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020ൽ 3056, 2021ൽ 3559, 2022ൽ 4215 എന്നിങ്ങനെയാണ് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ കണക്കുകൾ സംസ്ഥാനത്ത് പോക്‌സോ കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് തെളിവാണ്. ചൈൽഡ് ലൈനിന്റെ കണക്കുകൾ പ്രകാരം 18 ശതമാനം പോക്‌സോ കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2013 മുതൽ 2018 വരെയുള്ള വിചാരണ പൂർത്തിയായ കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ 1,255 കേസുകളിൽ 230 എണ്ണത്തിൽ മാത്രമാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത്. പോക്‌സോ കേസുകളിൽ എന്തുകൊണ്ടാണ് വലിയ തോതിൽ പ്രതികൾ രക്ഷപ്പെടുന്നത് എന്നത് നിയമ സംവിധാനങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതാണ്. കുറ്റവാളികൾ രക്ഷപ്പെടുന്നത് ഇരകളായ കുട്ടികളുടെ സ്വൈരജീവിതത്തെ വലിയ തോതിൽ പ്രതികൂലമായി
ബാധിക്കും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഓരോ ദിവസവും 109 കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്നു എന്നത് സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കണ്ടതാണ്.


ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെങ്കിലും കേസ് തീർപ്പാക്കുന്നതിൽ ഏറെ കാലതാമസം എടുക്കുന്നു എന്നതാണ് വലിയ ആക്ഷേപം. ഒരു വർഷത്തിനകം പോക്‌സോ കേസുകളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് നിയമം. എന്നാൽ ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. വർഷങ്ങളായി വിചാരണ പൂർത്തിയാകാതെ കെട്ടിക്കിടക്കുന്ന നിരവധി കേസുകളാണ് സംസ്ഥാനത്തുടനീളമുള്ളത്. കേസ് നടപടികൾ വൈകുന്നത് ആരോപണ വിധേയർക്ക് സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുന്നു. സംസ്ഥാനത്ത് അടുത്തിടെ തുടങ്ങിയ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതികൾ കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ തന്നെ വലിയ പ്രയത്‌നം ആവശ്യമാണ്.

പോക്‌സോ കേസുകളിൽ പ്രത്യേകിച്ചും പെൺകുട്ടികൾക്ക് എതിരെയുള്ളവയിൽ ഇരയെയാണ് സമൂഹം പ്രതിസ്ഥാനത്ത് നിറുത്താറുള്ളത്. വാളയാർ കേസും കൊട്ടിയൂർ കേസുമെല്ലാം ഉദാഹരണങ്ങളാണ്. ഇരയാക്കപ്പെട്ടത് കുട്ടികളാണെന്നിരിക്കെ, അവരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്ന പ്രവണതയും ഏറിവരികയാണ്. കുട്ടികളെ മാതാപിതാക്കൾക്ക് ആരുടെ അടുത്തേക്കും പറഞ്ഞയയ്ക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. ജീർണിച്ച മനസുള്ള വലിയൊരു കൂട്ടം തന്നെ ഇവിടെ രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന് നിസംശയം പറയാം.

കുട്ടികൾ ഏറ്റവും സുരക്ഷിതരെന്ന് പറയപ്പെടുന്ന വീടുകളിൽ പോലും അവർക്കുനേരെ ലൈംഗിക പീഡനം നടക്കുന്നതിൽ കേരളത്തിന് ലജ്ജിക്കാം. ലൈംഗികപീഡനം കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം ആഴമേറിയതാണ്. വലിയൊരു ശതമാനം പേരിലും ഇത് ജീവിതകാലം മുഴുവൻ നിലനിൽക്കും. സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും മാനഭംഗക്കേസുകളും വേഗത്തിൽ തീർപ്പാക്കാനായി 28 അഡിഷണൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.

തന്നെ ആരെങ്കിലും കാമക്കണ്ണോടെ സമീപിച്ചാൽ നോ എന്ന് ഉറച്ചശബ്ദത്തിൽ പറയാൻ ഓരോ കുട്ടിയേയും രക്ഷിതാക്കൾ പ്രാപ്തരാക്കണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്. ആക്രമണത്തിന് മുതിരുന്നത് ബന്ധുവോ പരിചയക്കാരോ തുടങ്ങി ആരുമാകട്ടെ, അടിയന്തരമായി അധികാരികളെ വിവരമറിയിക്കണം. അല്ലാത്തപക്ഷം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാൻ പ്രചോദനമാകും. നല്ല സ്പർശനമേത്, ചീത്ത സ്പർശനമേത് എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. ലൈംഗികപീഡനം തടയാൻ സ്‌കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരെ നിയമിക്കുന്നതിലൂടെ കുട്ടികളിൽ വലിയ രീതിയിലുള്ള അവബോധം സൃഷ്ടിക്കാൻ കഴിയും. കൂടാതെ, പൊലീസ് സ്റ്റേഷനുകളിൽ ശിശുക്ഷേമ ഓഫീസറുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. പീഡനത്തിനെതിരെ നിശബ്ദരായിരിക്കാതെ ശബ്ദമുയർത്തി പ്രതികരിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POCSO CASES IN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.