SignIn
Kerala Kaumudi Online
Thursday, 25 April 2024 10.40 AM IST

അധിക ഭാരമാകാത്ത കേന്ദ്ര ബഡ്‌‌‌ജറ്റ്

ll

രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്‌ജറ്റിൽ ജനങ്ങൾ വലിയ പ്രതീക്ഷ പുലർത്തിയത് സ്വാഭാവികം. പ്രതീക്ഷകൾ പൂർണമായും സഫലമാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമനു കഴിഞ്ഞില്ലെങ്കിലും സാധാരണക്കാരുടെ ജീവിതഭാരം കൂടുതൽ ദുഷ്കരമാക്കുന്നതൊന്നും ബഡ്‌ജറ്റിൽ ഇല്ലെന്നത് വലിയ ആശ്വാസമാണ്. തന്റെ കഴിഞ്ഞ ബഡ്‌ജറ്റുകളിലെന്നപോലെ രാജ്യത്തിന്റെ വളർച്ചയ്ക്കും ജനജീവിതം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾക്കാണ് ധനമന്ത്രി ഉൗന്നൽ നല്കുന്നത്. മുൻകാല ബഡ്‌ജറ്റുകളുടെ അടിത്തറയിലൂന്നിയതാണ് 2023 - 24 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റെന്ന് അവർ ആമുഖമായി പറഞ്ഞിട്ടുണ്ട്.

നടപ്പുവർഷം രാജ്യംനേടിയ സാമ്പത്തിക വളർച്ചയിൽ അഭിമാനംകൊള്ളുന്ന ധനമന്ത്രി അടുത്തവർഷത്തെ വളർച്ചയും ഏഴുശതമാനത്തിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ്. ലക്ഷ്യം നേടാൻ പര്യാപ്തമായ നിർദ്ദേശങ്ങൾ ബഡ്‌ജറ്റ് പ്രസംഗത്തിലുടനീളം കാണാം. രൂപരേഖയല്ലാതെ ഒന്നിന്റെയും വിശദാംശങ്ങളിലേക്കു പോകാൻ അവർ തയ്യാറായതുമില്ല. വിശദവിവരങ്ങൾ പിന്നാലെ എത്തുമെന്നാണു പ്രഖ്യാപനം. കഴിഞ്ഞ ഏതാനും വർഷങ്ങളിലെപ്പോലെ റെയിൽവേ ബഡ്‌ജറ്റും പൊതുബഡ്‌ജറ്റിന്റെ ഭാഗമായിരുന്നു. എന്നാൽ റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപയുടെ വിഹിതം നീക്കിവച്ചിട്ടുണ്ടെന്ന വിവരത്തിനപ്പുറം ഒരു വിശദാംശവും പരാമർശിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ കേരളം കാത്തിരുന്ന പുതിയ റെയിൽവേ വികസന പദ്ധതികളുടെ നില എന്തെന്നറിയാൻ മാർഗമില്ലാതായി. പ്രത്യേക ബഡ്‌ജറ്റ് രേഖയായി അവ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് എം.പിമാരും മറ്റുള്ളവരും. കേന്ദ്ര ബഡ്‌ജറ്റിൽ സംസ്ഥാനത്തിന്റെ വിഹിതം എത്രയെന്നും പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും എത്രയൊക്കെ ലഭിക്കുമെന്നറിയാനും കാത്തിരിക്കേണ്ടിവന്നു.

ഇന്ത്യയെ പട്ടിണിക്കാരില്ലാത്ത രാജ്യമായി മാറ്റാനുള്ള യത്നത്തിൽ സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് പതിവുപോലെ മുന്തിയ പരിഗണന നൽകാൻ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്. കാർഷിക - വ്യവസായ, അടിസ്ഥാന സൗകര്യ മേഖലകൾക്കുള്ള വിഹിതം ഗണ്യമായി വർദ്ധിപ്പിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള പി.എം. ഗരീബ് കല്യാൺ യോജന പദ്ധതി ഒരുവർഷംകൂടി തുടരും. രണ്ടുലക്ഷം കോടി രൂപ ഇതിനായി കേന്ദ്രം വഹിക്കും. ഈ വർഷം കാർഷിക വായ്പയ്ക്കായി ഇരുപതുലക്ഷം കോടിയാണ് നീക്കിവയ്ക്കുന്നത്. ജൈവകൃഷി, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ കാർഷിക മേഖലയിൽ ഒട്ടേറെ പുതിയ പദ്ധതികളും നടപ്പാക്കും. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി പത്തുലക്ഷം കോടിയാണ് മുടക്കുന്നത്. ഇതിന്റെ പ്രയോജനം എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കും. തൊഴിലവസരങ്ങളും ഗണ്യമായി വർദ്ധിക്കും. മൂലധന നിക്ഷേപത്തിൽ 33 ശതമാനവും പാവപ്പെട്ടവർക്കുള്ള ഭവനനിർമ്മാണ പദ്ധതിക്ക് 66 ശതമാനവും വിഹിതവർദ്ധന ഉണ്ടാകും. പി.എം ആവാസ് യോജന പ്രകാരമുള്ള വീടുകൾക്കായി 79000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

യുവാക്കളുടെയും വനിതകളുടെയും ഉന്നമനത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 47 ലക്ഷം യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിന് സ്റ്റൈപ്പൻഡ് നല്കും, പരിശീലന കേന്ദ്രങ്ങളും തുടങ്ങും. വനിതകൾക്കായി പ്രത്യേക നിക്ഷേപപദ്ധതിയും ആരംഭിക്കും. രണ്ടുലക്ഷം രൂപവരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഏഴരശതമാനമാണ് പലിശ. വേണമെങ്കിൽ കാലാവധിയെത്തും മുൻപേ നിക്ഷേപം പിൻവലിക്കുകയുമാകാം. ബാങ്കുകൾ നിക്ഷേപത്തിന് ഇതിനേക്കാൾ ഉയർന്ന പലിശ നല്‌കുന്നതിനാൽ ധനമന്ത്രിയുടെ പുതിയ മഹിളാനിക്ഷേപ പദ്ധതി എത്രത്തോളം ആകർഷകമാകുമെന്ന് കണ്ടറിയണം.

മദ്ധ്യവർഗം പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഘടനയിലും വലിയ മാറ്റങ്ങൾക്കൊന്നും ധനമന്ത്രി തയ്യാറായില്ല. പുതിയ നികുതിഘടന തിരഞ്ഞെടുത്തവർക്ക് ചില്ലറ നേട്ടമുണ്ടാകും. ഈ വിഭാഗത്തിലുള്ളവർക്ക് നികുതിയിളവ് പരിധി ഏഴുലക്ഷമായി ഉയർത്തിയതും പഴയ സ്ളാബിലുള്ളവർക്ക് രണ്ടരയിൽനിന്ന് മൂന്നുലക്ഷമായി ഉയർത്തിയതും പ്രയോജനം ചെയ്യും. ഉയർന്ന സ്ളാബിലെ സർച്ചാർജിലും ഗണ്യമായ കുറവുവരുത്തിയിട്ടുണ്ട്. സർവീസിൽനിന്നു പിരിയുമ്പോൾ ലഭിക്കുന്ന അവധി വേതന നികുതിയിളവു പരിധി മൂന്നുലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്തിയത് നേട്ടമാണ്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവകുറച്ച് കള്ളക്കടത്തു നിയന്ത്രിക്കാൻ നടപടി പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ലെന്നു മാത്രമല്ല സ്വർണം, വെള്ളി, വജ്രം എന്നിവയ്ക്ക് വിലകൂട്ടുന്ന തീരുമാനമാണുള്ളത്. മൊബൈൽ ഫോൺ, ടിവി, വാഹനങ്ങൾക്കുള്ള ബാറ്ററി എന്നിവയ്ക്ക് വിലകുറഞ്ഞേക്കും. അതേസമയം തുണിത്തരങ്ങൾക്ക് വില കൂടുമെന്നാണ് സൂചന. ജി.എസ്.ടി സമ്പ്രദായം നിലനിൽക്കുന്നതിനാൽ മറ്റ് ഉത്‌പന്നങ്ങളുടെ വില കൂട്ടാനുതകുന്ന തീരുമാനമൊന്നും ഇല്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്.

വളരെയധികം പേർക്ക് തൊഴിൽനൽകുന്ന ടൂറിസം മേഖലയുടെ വളർച്ചയ്ക്കുതകുന്ന പദ്ധതികളും ബഡ്‌ജറ്റിലുണ്ട്. ആഭ്യന്തര വിനോദയാത്ര പ്രോത്സാഹിപ്പിക്കാനായി 'നമ്മുടെ നാട് കാണൂ" എന്ന പുതിയപദ്ധതി നടപ്പാക്കും. അതിർത്തികൾവരെ ചെന്നെത്തുന്നവിധത്തിൽ വിനോദസഞ്ചാരമേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.

പുതിയ ചെറുകിട - സൂക്ഷ്മ വ്യവസായങ്ങൾക്കായി പദ്ധതികൾ നടപ്പാക്കും. ചെറുകിടക്കാർക്ക് വായ്പാ ഗാരന്റി നൽകാൻ 9000 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾക്കും മികച്ച പരിഗണന നൽകി. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് സഹായം നൽകും. നഗരവികസന പദ്ധതികൾക്കായി പതിനായിരം കോടിയാണ് വിഹിതം. രാജ്യത്ത് പതിനഞ്ച് എയർപോർട്ടുകളും 137 നഴ്സിംഗ് കോളേജുകളും തുടങ്ങാനും പദ്ധതിയുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ 38800 അദ്ധ്യാപകരെ പുതുതായി നിയമിക്കുന്നത് യുവജനങ്ങൾക്ക് പ്രയോജനകരമാകും. ഗ്രീൻ ഹൈഡ്രജൻ മിഷനായി 19700 കോടിയും ഗതാഗതമേഖലയ്ക്ക് 75000 കോടിയും നീക്കിവച്ചത് വികസനപാതയിലെ പുതിയ ചുവടുവയ്പുകളാണ്.

സംസ്ഥാന സർക്കാരുകൾക്കുള്ള അൻപതുവർഷത്തെ പലിശരഹിത വായ്പ ഒരുവർഷംകൂടി തുടരാനുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ആശ്വാസം നൽകും.

രാജ്യത്തെ എല്ലാ നഗരങ്ങളിലും അഴുക്കുചാൽ വൃത്തിയാക്കാനായി യന്ത്രസംവിധാനം ഏർപ്പെടുത്താനുള്ള ചെലവ് കേന്ദ്രം വഹിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. മാൻഹോളുകൾ വൃത്തിയാക്കാൻ പാവപ്പെട്ട തൊഴിലാളികളെ ഇറക്കുന്ന ഏർപ്പാട് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. മാൻഹോളിന് പകരം ഇനി മെഷീൻ ഹോളുകളാകും അഴുക്കുചാൽ പദ്ധതിയിൽ നിലവിൽ വരിക. നഗരവികസനത്തിനുള്ള ഫണ്ട് കണ്ടെത്താൻ മുനിസിപ്പൽ ബോണ്ടുകൾ ഇറക്കാനാണ് തീരുമാനം. സഹകരണ സംഘങ്ങളുടെ പ്രവർത്തനം പൂർണമായും ഡിജിറ്റലാക്കാനും പദ്ധതിയുണ്ട്. ഇതിനായി 2516 കോടി നീക്കിവച്ചിട്ടുണ്ട്.

ബഡ്‌ജറ്റ് പ്രസംഗം കഴിഞ്ഞപ്പോൾ അറിയേണ്ടതു പലതും മറച്ചുവച്ചെന്ന പരാതിയാണ് ഉയർന്നത്. സംക്ഷിപ്ത രൂപത്തിലുള്ളതായിരുന്നു ധനമന്ത്രിയുടെ ബഡ്‌ജറ്റ് പ്രസംഗം. നിരവധി പ്രമുഖ വകുപ്പുകളുടെ വിഹിതമറിയാനും വിശദാംശങ്ങൾ മനസിലാക്കാനും ബഡ്‌ജറ്റ് പുസ്തകംതന്നെ പരതേണ്ട സ്ഥിതിയാണ്. രാജ്യരക്ഷയ്ക്കുള്ള ബഡ്‌ജറ്റ് വിഹിതം എത്രയെന്നുപോലും പ്രസംഗത്തിൽ ഉൾപ്പെടുത്താതിരുന്നത് വിചിത്രമായി. അതുപോലെ ഏവർക്കും താത്‌പര്യമുള്ള റെയിൽവേ പദ്ധതികളെക്കുറിച്ചും സൂചന ലഭിച്ചില്ല. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കൊപ്പം ഭരണബെഞ്ചുകളിലുയർന്ന ആഹ്ളാദാരവങ്ങളൊഴിച്ചാൽ ശാന്തമായ അന്തരീക്ഷത്തിൽത്തന്നെ ബഡ്‌ജറ്റ് അവതരണം പൂർത്തിയാക്കാൻ കഴിഞ്ഞതും പ്രത്യേകതയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.