SignIn
Kerala Kaumudi Online
Wednesday, 20 May 2026 6.15 AM IST

ആരുണ്ട് ഇനി എൽഡി‌എഫിനെ നയിക്കാൻ?​ സിപിഎമ്മിനെയും എൽഡിഎഫിനെയും കാത്തിരിക്കുന്നത് പ്രതിസന്ധി,​ യുഡിഎഫ് സേഫ്

pinarayi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഒരു ദശാബ്‌ദം നീണ്ട എൽഡിഎഫ് ഭരണം അവസാനിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. 140ൽ 90 സീറ്റുകൾക്ക് മുകളിലാണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നേടുന്ന ലീഡ്. 99 സീറ്റുകളിലെ ഭൂരിപക്ഷം കഴിഞ്ഞതവണയുണ്ടായിരുന്ന എൽഡിഎഫിന് ഇത്തവണ ലീഡ് 40 സീറ്റുകൾക്ക് താഴേക്ക് പോയിരിക്കുകയാണ്. ഏറെനാളായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നയിച്ചിരുന്ന സംസ്ഥാനത്തെ സിപിഎമ്മിന് ഇനി ഭാവി അത്ര ശോഭനമല്ലെന്ന്‌ വ്യക്തം. മുഖ്യമന്ത്രിയടക്കം 14ഓളം മന്ത്രിമാർ ആദ്യ ഘട്ടത്തിൽ പിന്നിലാണ്. സിപിഎമ്മിന്റെ സ്വന്തം 77 സ്ഥാനാർത്ഥികളിൽ മന്ത്രി കെ എൻ ബാലഗോപാലും സജി ചെറിയാനുമടക്കം 20ന് മുകളിൽ സ്ഥാനാർത്ഥികൾ മാത്രമാണ് ലീഡ് ചെയ്യുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് ഇത്തവണ തിരഞ്ഞെടുപ്പിന് യുഡിഎഫ് നടത്തിയത്. അതിന്റെ ഗുണഫലമാണ് ആദ്യ സൂചനകളെന്നുവേണം കരുതാൻ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുൻപ് സിപിഎം നേതൃത്വത്തോട് കലഹിച്ച് മുതിർന്ന നേതാവ് ജി സുധാകരനും മുൻ എംഎൽഎ പി കെ ശശിയും ടി കെ ഗോവിന്ദനുമടക്കം കോൺഗ്രസുമായി സഹകരിക്കാനെത്തിയതോടെ ഇനിയും 'വിസ്‌മയങ്ങൾ വരും' എന്നാണ് വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

1998 മുതൽ 18 വർഷത്തോളം പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 2016ലാണ് സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റത്. അന്നു‌മുതൽ ഇന്നോളം സിപിഎമ്മിന് ഒരേയൊരു നേതാവ്‌ മാത്രമേയുണ്ടായിരുന്നുള്ളൂ അത്‌ പിണറായി വിജയനായിരുന്നു. ക്യാപ്‌റ്റനെന്ന വിളിപ്പേര് നൽകിയും ഓഖി,​ കൊവിഡ്,​ പ്രളയ സമയങ്ങളെ നേരിട്ട ശക്തനായ നായകനായും പിണറായി വിജയനെ ഇടതുപാർട്ടി പ്രവർത്തകർ കണ്ടു. എന്നാൽ ഈ കരുത്തിനാണ് ഇപ്പോൾ ചോർച്ച സംഭവിച്ചത്. ഈ കനത്ത തോൽവിയ്‌ക്ക് പിന്നാലെ സിപിഎം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി ജനപ്രിയരായ നേതാക്കളുടെ അഭാവമാണ്.

എകെജിയും ഇഎംഎസും ഇ കെ നായനാരും ഗൗരിയമ്മയും വി എസ് അച്യുതാനന്ദനുമടക്കം ജനപ്രിയരായ നേതാക്കളെല്ലാം വിസ്‌മൃതിയിലായ സിപിഎമ്മിൽ നിലവിൽ നേതാക്കൾ നിരവധിയുണ്ടെങ്കിലും ഇവരിൽ നേതൃപാടവത്തോടൊപ്പം ജനപ്രിയത കൂടിയുള്ളവർ ഇല്ല എന്നുതന്നെ പറയാം. യുവാക്കളിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമായ ലീഡോടെ തിരഞ്ഞെടുപ്പിൽ മുന്നിലുണ്ടെങ്കിലും പാർട്ടി വൃത്തങ്ങൾക്ക് പുറത്ത് ഇവരിൽ വ്യക്തിപ്രഭാവം കാട്ടിയവർ കുറവാണ്.

സച്ചിൻദേവ്, എംഎസ് അരുൺകുമാർ, വി കെ പ്രശാന്ത് തുടങ്ങിയവരടക്കം എംഎൽഎമാർ. തലസ്ഥാന നഗരസഭ മുൻമേയർ ആര്യാ രാജേന്ദ്രൻ, ജെയ്‌ക് സി തോമസ്, പി എം ആർഷോ നേതൃനിരയിലേക്ക് സിപിഎം പരീക്ഷിച്ച യുവനേതാക്കൾ നിരവധിയുണ്ട്. എന്നാൽ ഇവരിൽ മുൻനിരയിലേക്ക് വന്നവർ ഏറെയില്ല. ശക്തമായ തിരിച്ചടി നേരിട്ട തദ്ദേശ,​ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിന്ന് പാർട്ടിയെ മുന്നോട്ടുകൊണ്ടുവരാൻ സിപിഎമ്മിൽ മികച്ച ജനപ്രീതിയുള്ള നേതൃനിര അത്യാവശ്യമാണ്. ഇത്തരമൊരു നേതൃനിരയെ സംഘടിപ്പിക്കുകയാണ് മുന്നണിയും പാർട്ടിയും നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി.

മറുവശത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വം നൽകിയ പുതുയുഗ യാത്ര കോൺഗ്രസ് നേതൃത്വത്തിന് വലിയ ഊർജമാണ് നൽകിയത്. നേതൃസ്ഥാനത്ത് കോൺഗ്രസിന് ഒരാളല്ല ഒന്നിലധികം ആളുകളുണ്ട് എന്നതാണ് വസ്‌തുത. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി യുഡിഎഫിനെ പരിഹസിക്കുമ്പോൾ പോലും ചെന്നിത്തല,​ കെ സി വേണുഗോപാൽ,​ വി ഡി സതീശനടക്കം നിരവധി നേതാക്കളുടെ പേരുകൾ ഉയർന്നുകേട്ടു.

യുവനിരയിൽ കോൺഗ്രസിന്റെ ഉയർന്നുവരുന്ന നേതാവാണ് ഷാഫി പറമ്പിൽ. 2011 മുതലിങ്ങോട്ട്‌ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം തോൽവിയറിയാതെ എത്തിയ ഷാഫി കോൺഗ്രസിന്റെ ജനപ്രിയ നേതാക്കളിൽ ഒരാളാണ്. 2024ൽ വടകര മണ്ഡലം നിലനിർത്താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിശ്വസിച്ച് സീറ്റ് നൽകിയത് ഷാഫിയ്‌ക്കാണ്. അന്ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി സ്ഥാനം രാജിവച്ചു. പിന്നീട് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിലൂടെ പാലക്കാട് കോൺഗ്രസിനെ കൈവിടാതെ നിന്നു. പോകുന്നയിടത്തെല്ലാം വൻജനക്കൂട്ടം ഷാഫിക്കായി എത്താറുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്മിതി പോലെയാണ് ഇത്. ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് മത്സരിച്ച പറവൂരിലടക്കം ഷാഫിക്കായി എത്തിയത് വലിയ ജനസഞ്ചയമാണ്. ഈ ജനക്കൂട്ടമെല്ലാം വോട്ടായി മാറി എന്നുവേണം കരുതാൻ.

വളരെ പെട്ടെന്ന് പാർട്ടിയിൽ വളർന്നുവന്ന മറ്റൊരു യുവനേതാവാണ് പി.സി.വിഷ്ണുനാഥ്. കെ.എസ്.യുവിലൂടെ പ്രസ്ഥാനത്തിലെത്തി.കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സംസ്ഥാന പ്രസിഡന്റായി. കെ.പി.സി.സി.ജനറൽ സെക്രട്ടറി, എ.ഐ.സി.സി.സെക്രട്ടറി, കേരള സർവ്വകലാശാല സെനറ്റംഗം തുടങ്ങി നിരവധി പദവികൾ വഹിച്ചു. 2006ലും 2011ലും ചെങ്ങന്നൂരിൽ നിന്നും നിയമസഭയിലെത്തി. 2021മുതൽ കുണ്ടറയിൽ നിന്നുള്ള നിയമസഭാംഗമായി.

കോൺഗ്രസ് നേതൃനിരയിലേക്ക് യുവാക്കളുടെ കൂട്ടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും അതിവേഗം ഉയർന്നുവരുന്നുണ്ട്. 2023ൽ ഉമ്മൻചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴാണ് ചാണ്ടി ഉമ്മൻ ജനപ്രതിനിധിയായത്. 37,​319 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് അന്ന് ചാണ്ടി ജയിച്ചത്. നിലവിൽ തിരഞ്ഞെടുപ്പിലും ആദ്യ റൗണ്ടുകളിൽ തന്നെ വ്യക്തമായ ലീഡ് പിടിക്കാൻ ചാണ്ടിക്കായി. കോലാഹലങ്ങളില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണം വഴിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ശ്രദ്ധ നേടിയത്. ഭാവി മുന്നിൽകണ്ട് യുഡിഎഫ് നടത്തിയ പരീക്ഷണങ്ങൾ വിജയത്തിലെത്തിയതും എൽഡിഎഫിന് അവ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമാണ് ഇത്തവണ കാണുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM, LEADERSHIP, CRISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA