SignIn
Kerala Kaumudi Online
Wednesday, 20 May 2026 6.12 AM IST

പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച; കണ്ണൂരില്‍ സിപിഎമ്മിന് കിട്ടിയത് കനത്ത പ്രഹരം

cpm

കണ്ണൂര്‍: അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന പാര്‍ട്ടി ചിഹ്നവും ചുവന്ന കൊടിയും കണ്ടാല്‍ സ്ഥാനാര്‍ത്ഥിയാരെന്ന് പോലും പ്രസക്തമല്ല. പാര്‍ട്ടി കോട്ടയായ കണ്ണൂരിലെ തിരഞ്ഞെടുപ്പുകളുടെ ചിത്രമായിരുന്നു ഇത്. എന്നാല്‍ യുഡിഎഫ് സുനാമിയില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ലോകം തലകീഴായി മറിഞ്ഞാലും തോല്‍ക്കില്ലെന്ന് സിപിഎം കരുതിയിരുന്ന പാര്‍ട്ടി കോട്ടകളില്‍ വലിയ തോല്‍വിയാണ് സംഭവിച്ചിരിക്കുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം തോല്‍വി വഴങ്ങുമെന്ന് പറഞ്ഞാല്‍ ഇന്ന് ഫലം വരുന്നത് വരെ ആരും വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ അസംഭവ്യം എന്ന് തോന്നിച്ചത് സംഭവിച്ചിരിക്കുന്നു.

പാര്‍ട്ടിയുടെ പൊന്നാപുരം കോട്ടയിലെ തോല്‍വികള്‍ക്ക് പുറമേ ജില്ലയിലെ മറ്റ് ശക്തികേന്ദ്രങ്ങളില്‍ ഭൂരിപക്ഷം പകുതിയായും നാലിലൊന്നായും കുറഞ്ഞതും സിപിഎം കേന്ദ്രങ്ങളെ ഞെട്ടിക്കുകയാണ്. ജില്ലയിലെ സിപിഎം നേരിടുന്ന വിഭാഗീയതയും രക്തസാക്ഷി ഫണ്ട് തട്ടിപ്പും ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള സ്വജനപക്ഷപാതവുമെല്ലാം സിപിഎമ്മിന്റെ അടിവേരിളക്കിയിട്ടുണ്ട്. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ജില്ലയില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ടികെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. 12,000 വോട്ടുകള്‍ക്കായിരുന്നു ജയം. പയ്യന്നൂരില്‍ ടിഐ മധുസൂധനനെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപിച്ച് പാര്‍ട്ടിക്ക് പുറത്തേക്ക് വന്ന കുഞ്ഞികൃഷ്ണന്‍ നേടിയത് 7000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം ആദ്യ റൗണ്ടുകളില്‍ അയ്യായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലെത്തിയത് മാത്രമായിരുന്നു സിപിഎം നേട്ടം.

ജില്ലയില്‍ വിജയിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം വലിയ അളവില്‍ കുറയുകയും ചെയ്തു. 2021ല്‍ 60,000ല്‍ അധികം വോട്ടുകള്‍ക്ക് കെകെ ശൈലജ വിജയിച്ച മട്ടന്നൂരില്‍ ഇത്തവണ വെറും 15,000 വോട്ടുകള്‍ക്കാണ് ജയം. ഒരുവേള യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ മുന്നിലെത്തുകയും ചെയ്തു. കല്യാശ്ശേരിയില്‍ എം. വിജിന്റെ ഭൂരിപക്ഷം പകുതിയില്‍ താഴെയായി. കൂത്തുപറമ്പിലും സ്ഥിതി മറ്റൊന്നല്ല. അരലക്ഷം വോട്ടുകള്‍ക്ക് പിണറായി വിജയന്‍ വിജയിച്ച ധര്‍മ്മടത്ത് ഇത്തവണ 19,000 മാത്രമാണ് ലീഡ്. ആദ്യ ഏഴ് റൗണ്ടുകളില്‍ ഇവിടെ പിണറായി പിന്നിലായിരുന്നുവെന്നതും ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA