SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

പെട്ടെന്ന് ലോൺ കിട്ടും എന്ന് കേട്ട് ചാടിയിറങ്ങല്ലേ, പണി വരുന്ന വഴി ഇങ്ങനെ

cash-less-transaction

കോഴിക്കോട്: എളുപ്പം വായ്പ കിട്ടുമെന്ന വാഗ്ദാനത്തിൽ കുരുങ്ങി തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ കുടുങ്ങിയതുതന്നെ. ആവശ്യപ്പെടാതെയും ചിലപ്പോൾ അക്കൗണ്ടിൽ പണമെത്തും. പിന്നീട് പലിശയും കൂട്ടുപലിശയും ചോദിച്ച് ഭീഷണി തുടങ്ങുമ്പോഴാണ് കുരുക്കിലകപ്പെട്ടത് അറിയുക. ജില്ലയിൽ ലോൺ ആപ്പ് വഴി പണം തട്ടുന്ന സംഭവങ്ങൾ കൂടുന്നുവെന്ന് സെെബർ പൊലീസ് പറയുന്നു. തട്ടിപ്പുകാരുടെ ഭീഷണി ഭയന്ന് പലരും പരാതിപ്പെടാറില്ല.

ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് കിട്ടിയ യുവതിയുടെ അക്കൗണ്ടിലേക്ക് 3,300 രൂപ അയച്ച് പലിശയടക്കം 6,000 രൂപ തിരിച്ച് ഈടാക്കിയ സംഭവമുണ്ടായെന്ന് സെെബർ പൊലീസ് പറഞ്ഞു. കൂടുതൽ പണമാവശ്യപ്പെട്ട് നിരന്തരം മെസേജയച്ച് ശല്യപ്പെടുത്തി. തുടർന്ന് പരാതിക്കാരിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതോടെയാണ് യുവതി സൈബർ പൊലീസിലെത്തിയത്.
നിയമാനുസൃതമെന്ന് തെറ്റിദ്ധരിച്ച് ആപ്പ് ഡൗൺലോഡ് ചെയ്ത യുവതിയാണ് തട്ടിപ്പിനിരയായ മറ്റൊരാൾ. 39,000 രൂപ ഇവർക്ക് നഷ്ടപ്പെട്ടു. പരാതിക്കാരിയുടെ ചിത്രം മോർഫ് ചെയ്ത് യുവതിയുടെ ഫോണിലുണ്ടായിരുന്ന കോണ്ടാക്ടുകളിലേക്ക് അയച്ചുകൊടുത്തു. ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തതിനെ തുടർന്ന് വടകരയിൽ കഴിഞ്ഞ ദിവസം യുവാവിനെ കാണാതായിരുന്നു. പരാതി നൽകാത്തതിനാൽ കേസെടുത്തില്ല.

അറിയണം, ചതിക്കുഴികൾ

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെ എ.പി.കെ ഫയലുകളയച്ചാണ് തട്ടിപ്പ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൺടാക്ടുകൾ, കോൾ ലോഗുകൾ, ഫോട്ടോകൾ, ലൊക്കേഷൻ, ജി.പി.എസ് തുടങ്ങി സ്വകാര്യ വിവരങ്ങളിലേക്കുള്ള അനുമതി ആവശ്യപ്പെടും. ഒരിക്കൽ അനുമതി നൽകിയാൽ വിവരങ്ങൾ രഹസ്യമായി ചോർത്തി തട്ടിപ്പ് സംഘത്തിന്റെ സെർവറുകളിലേക്ക് മാറ്റും. തിരിച്ചടവ് വൈകുകയോ നിറുത്തുകയോ ചെയ്താൽ വായ്പയെടുത്തവരുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കുമൊക്കെ അയച്ച് ഭീഷണിപ്പെടുത്തും.


പൊലീസ് മുന്നറിയിപ്പ്


അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ഔദ്യോഗിക ആപ്പുകൾ മാത്രമേ ഉപയോഗിക്കാവൂ. പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്. സംശയാസ്പദമായ ആപ്പുകളിൽ സ്വകാര്യ വിവരങ്ങൾ നൽകരുത്.

തട്ടിപ്പിനിരയായാൽ വിളിക്കേണ്ട നമ്പർ 1930

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA