SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.48 AM IST

തമിഴ്‌നാട്ടിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കടത്തുന്നു, പിന്നിലെ ഉദ്ദേശ്യം ഇത്

Increase Font Size Decrease Font Size Print Page
2

ചവറ: ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ച് നിയമം കാറ്റിൽപ്പറത്തി വൻതോതിൽ ചെറുമീനുകളെ കടത്തുന്നു. കടൽസമ്പത്തിന് കനത്ത ആഘാതമേൽപ്പിക്കുന്ന രീതിയിൽ, വളം നിർമ്മാണത്തിനായി ടൺ കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെയാണ് ദിനംപ്രതി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. വിപണിയിൽ വൻ വിലയുള്ള വാളയുൾപ്പെടെയുള്ള മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ബോട്ടുകളിൽ നിന്ന് യഥേഷ്ടം ഇറക്കി ലോറികളിൽ കയറ്റി അയക്കുമ്പോഴും നടപടിയെടുക്കേണ്ട അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപം ശക്തമാണ്.

 ബോട്ടുകൾ പോകുന്നത് 'വളം' പിടിക്കാൻ

മത്സ്യബന്ധനത്തിനല്ല, മറിച്ച് നിയമം മൂലം നിരോധിച്ചിട്ടുള്ള രീതിയിൽ ചെറുമീനുകളെ കോരിയെടുക്കാനാണ് പല ബോട്ടുകളും കടലിൽ പോകുന്നത്. കടലിന്റെ നട്ടെല്ലൊടിക്കുന്ന ഈ രീതി സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്കും തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വാള ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ ടൺ കണക്കിന് വളത്തിനായി ഇറക്കിയത് കണ്ടുനിന്നവരെയൊന്നാകെ അമ്പരപ്പിച്ചു. മത്സ്യത്തിനും അവശ്യസാധനങ്ങൾക്കും വില കുതിച്ചുയരുന്ന കാലത്താണ് ഈ കൊടിയ അനീതി നടക്കുന്നത്.

 ഉദ്യോഗസ്ഥ-രാഷ്ട്രീയ ഒത്താശയെന്ന് പരാതി

ഹാർബറിൽ മറൈൻ പൊലീസ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ്, ഹാർബർ ഡിപ്പാർട്ട്‌മെന്റ് തുടങ്ങി സകല സംവിധാനങ്ങളും പ്രവർത്തിക്കുമ്പോഴാണ് അവരുടെ മൂക്കിനു താഴെ ഈ തീവെട്ടിക്കൊള്ള നടക്കുന്നത്. ഉദ്യോഗസ്ഥർക്ക് പുറമെ രാഷ്ട്രീയ പാർട്ടികളുടെയും ഒത്താശ ഈ ലോബിക്കുണ്ടെന്ന ആരോപണം ശക്തമാണ്. കൈക്കൂലി വാങ്ങിയും സ്വാധീനങ്ങൾക്ക് വഴങ്ങിയും അധികൃതർ ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA