
ന്യൂഡൽഹി: എബോള വൈറസ് രോഗം റിപ്പോർട്ട് ചെയ്‌ത ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ സേവന ഡയറക്‌ടറേറ്റ് (ഡി.ജി.എച്ച്.എസ്). പനി, ഛർദ്ദി, വയറിളക്കം, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും ഇന്ത്യയിലെത്തിയ ഉടൻ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്‌ത് 21 ദിവസത്തിനുള്ളിൽ വൈദ്യസഹായം തേടണം.
രോഗം തടയുന്നതിനുള്ള നടപടികൾ ചർച്ചചെയ്യാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ വിളിച്ച സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് നിർദ്ദേശങ്ങൾ ഇറക്കിയത്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലും കോംഗോയിലും 600ലധികം എബോള കേസുകൾ റിപ്പോർട്ട് ചെയ്യുകയും നൂറിലധികം പേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണിത്.
ഇന്ത്യയിൽ ഇതുവരെ എബോള കേസ് റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും നിരീക്ഷണം, സ്‌ക്രീനിംഗ്, ക്വാറന്റൈൻ പ്രോട്ടോക്കോളുകൾ, ആശുപത്രി തയ്യാറെടുപ്പ് എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും യോഗം ചർച്ചചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |