SignIn
Kerala Kaumudi Online
Friday, 15 May 2026 9.15 PM IST

വി ഡി കൊച്ചിയില്‍, കെ സി തലസ്ഥാനത്ത്; ആവേശത്തില്‍ പ്രവര്‍ത്തകര്‍, വൈകാരിക പ്രതികരണവുമായി വേണുഗോപാല്‍

kcvd

കൊച്ചി/ തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കൊച്ചിയിലെത്തിയ വി. ഡി സതീശന് ഗംഭീര സ്വീകരണം. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ നിയുക്ത മുഖ്യമന്ത്രിയെ കാണാനും സ്വീകരിക്കാനും വലിയ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ സ്വീകരിച്ചത്. വന്‍ ജനക്കൂട്ടത്തെ മറികടന്ന് വി ഡി സതീശനെ കാറിലെത്തിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെട്ടു.


അതേസമയം, തലസ്ഥാനത്ത് എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലിനും വമ്പന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, പിസി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള നിയുക്ത എംഎല്‍എമാര്‍ എന്നിവര്‍ കെ സിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് കെ.സി വേണുഗോപാലിനേയും പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.


അതേസമയം, വൈകാരികമായിട്ടാണ് വിമാനത്താവളത്തിന് പുറത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. കെസി പക്ഷം എന്നൊരു സംഭവം ഇല്ലെന്നും തന്നെ പിച്ചിച്ചീന്തി മതിയായില്ലേയെന്നും വേണുഗോപാല്‍ ചോദിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുകയെന്നത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താന്‍ പങ്കെടുക്കുമെന്നും കെ.സി പറഞ്ഞു.


സംസ്ഥാന മന്ത്രിസഭയില്‍ മികച്ച മന്ത്രിമാര്‍ തന്നെയാകും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചയില്‍ കെ.സി വേണുഗോപാലിന്റെ പേരും സജീവമായി പരിഗണിച്ചിരുന്നു. എംഎല്‍എമാരുടെ ഭൂരിഭാഗം പേരും കെ.സി വേണുഗോപാലിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതെങ്കിലും ജനവികാരം വി.ഡി സതീശന് അനുകൂലമാണെന്നത് പരിഗണിച്ച് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KC, VD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA