SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.51 PM IST

'കുടുംബത്തോടൊപ്പം നിൽക്കുന്നു'; വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം

Increase Font Size Decrease Font Size Print Page
v-s-achuthanandan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം. നേരത്തെ നേതാക്കൾ പത്മ പുരസ്‌കാരം നിരസിച്ചത് അവരുടെ നിലപാടാണെന്നാണ് പാർട്ടിയുടെ വിശദീകരണം. വിഎസിന്റെ കുടുംബം പറയുന്നതിനോടൊപ്പം സിപിഎം നിൽക്കുമെന്നും കഴിഞ്ഞ ദിവസം തന്നെ മുതിർന്ന നേതാക്കൾ അറിയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യത്തിലും വ്യക്തത വരുത്തിയിരുന്നു. ഇന്നലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സന്തോഷമുണ്ടെന്നാണ് വിഎസിന്റെ മകൻ വി എ അരുൺകുമാർ പ്രതികരിച്ചത്. വിഎസിനും മമ്മൂട്ടിക്കുമുൾപ്പെടെ എട്ട് മലയാളികൾക്കാണ് പത്മപുരസ്കാരം.

പത്മപുരസ്കാരങ്ങൾ നിരസിക്കുന്നതായിരുന്നു സിപിഎമ്മിന്റെ മുൻകാല നിലപാട്. നരസിംഹറാവു സർക്കാരിന്റെ കാലത്ത് രാജ്യത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് പത്മവിഭൂഷൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടിയും ഇഎംഎസും പുരസ്‌കാരം നിരസിച്ചു. 1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിന് ഭാരതരത്നം നൽകാൻ ആലോചന ഉണ്ടായി. പുരസ്‌കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചിരുന്നു. ബസുവും പാർട്ടിയും പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു. അതിനാൽ പ്രഖ്യാപനം ഉണ്ടായില്ല.

ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹർകിഷൻ സിംഗ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചന ഉണ്ടായി. സ്വീകരിക്കില്ല എന്ന നിലപാട് അദ്ദേഹവും പാർട്ടിയും എടുത്തത്. 2022ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകി. പുരസ്‌കാരം നിരസിച്ച് അദ്ദേഹവും പാർട്ടിയും നിലപാടെടുത്തു. പുരസ്കാരങ്ങൾക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനമെന്നും ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ല എന്നിങ്ങനെ രണ്ട് കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് ഈ നിരസിക്കലുകൾക്കെല്ലാം പാർട്ടി നടത്തിയിരുന്നത്. എന്നാൽ മരണാനന്തര ബഹുമതി ആയതിനാൽ വിഎസിന്റെ ലഭിച്ച ബഹുമതിയിൽ പാർട്ടി മുൻ നിലപാട് തിരുത്താൻ സാദ്ധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ സൂചനകൾ ലഭിച്ചിരുന്നു.

TAGS: CPM, V S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY