തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി കെ രാജൻ മൊഴി നൽകി. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രെെം ബ്രാഞ്ച് സംഘത്തിനാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ മൊഴിനൽകിയത്. ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി.
അന്ന് തൃശൂരിലുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിനെതിരെയും മന്ത്രി രാജൻ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പൂരത്തിന് പ്രശ്നങ്ങളുണ്ടാകുമെന്ന് സംശയിക്കുന്നതായി എം ആർ അജിത് കുമാറിന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പ്രശ്നം ഉണ്ടായശേഷം താൻ വിളിച്ചെങ്കിലും അജിത് കുമാർ ഫോൺ എടുത്തില്ലെന്നുമാണ് മന്ത്രിയുടെ മൊഴി. നേരത്തെയും ഈ വിവരം മന്ത്രി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഡിഐജി തോംസൺ ജോസിന് മുന്നിലും മന്ത്രി എഡിജിപിക്കെതിരെ മൊഴി നൽകി. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ചാണ് മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |