
തിരുവനന്തപുരം: എ ഐ ക്യാമറയുടെ പിഴ ഒഴിവാക്കാനായി ഇരുചക്ര വാഹനത്തിന്റെ നമ്പർ പ്ളേറ്റുകൾ കൈകൊണ്ട് മറച്ചുപിടിക്കുന്ന അപകടകരമായ പ്രവണത വ്യാപിക്കുന്നതായി കഴിഞ്ഞ ദിവസം കേരളാ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ എ ഐ ക്യാമറയുടെ കണ്ണുവെട്ടിച്ച് പായുന്നവരെ പിന്തുടർന്ന് ദൃശ്യങ്ങൾ ഒപ്പാൻ നൂതന മാർഗം തേടുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്. ഇതിനായി ഡ്രോൺ സംവിധാനം ഏർപ്പെടുത്താനാണ് നീക്കം.
ക്യാമറെയ വെട്ടിച്ച് പായുന്നവരെയും രൂപമാറ്റം വരുത്തിയ വാഹനങ്ങളെയും അടക്കം ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷിക്കാനാകും. ബൈക്ക് സ്റ്റണ്ട് അടക്കമുള്ളവയുടെ ദൃശ്യങ്ങൾ പകർത്താനും ക്യാമറകൾക്കാകും. രാപ്പകൽ വ്യത്യാസമില്ലാതെ വ്യക്തതയോടെ ദൃശ്യങ്ങൾ ഒപ്പി കൺട്രോൾ റൂമിന് കൈമാറും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഒഴിവാക്കിയുള്ള യാത്ര, സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നത്. റെഡ് സിഗ്നലിലും വാഹനം പായിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങൾ ഡ്രോണിലെ അൾട്രാ സൂം ക്യാമറ സസൂക്ഷ്മം നിരീക്ഷിക്കും.
നിയമലംഘനങ്ങൾ മുതൽ കുറ്റവാളികളെ വരെ പിടികൂടാനായി ഡ്രോണുകളുടെ വീക്ഷണ പരിധി വിനിയോഗിക്കാനാണ് സിറ്റി പൊലീസിന്റെ തീരുമാനം. ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായുള്ള ഡ്രോണിന്റെ പ്രവർത്തനം ഇതിനോടകം തന്നെ തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |