
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുംമണിക്കൂറുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നു മണിക്കൂറിൽ ആറ് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം കൊച്ചിയിൽ ഇന്നും മഴ തുടരുകയാണ്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിൽ വൈകിട്ട് അഞ്ചിന് ശേഷമാണ് മഴ തുടങ്ങിയത്. ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും വൈദ്യുതി തടസപ്പെടുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ കനത്ത കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റബർ, കൊക്കോ, ജാതി തുടങ്ങിയ ഫലവൃക്ഷങ്ങളും പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചു. മൂവാറ്റുപുഴ മേഖലയിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |