SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.03 AM IST

'രക്ഷാപ്രവർത്തന'ത്തിൽ പുനരന്വേഷണം: എസ്.പി ഷൗക്കത്തലി എസ്.ഐ.ടി തലവൻ

dd

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ പ്രത്യേക സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവായി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയാണ് എസ്.ഐ.ടി തലവൻ. ഡിവൈ.എസ്.പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സി.ഐ ടോൾസൺ, എസ്‌.ഐമാരായ ജയകൃഷ്ണൻ, ദീനദയാൽ മല്ലൻ, എസ്.ആർ.അമൃതരാജ്, എ.എസ്‌.ഐ രാജേഷ് എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.

ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. രണ്ടാഴ്ച കൂടുമ്പോൾ പുരോഗതി റിപ്പോർട്ട്

സമർപ്പിക്കണമെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖർ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവരെ കുറ്റവിമുക്തരാക്കിയ ക്രൈംബ്രാഞ്ച് നടപടി തള്ളിയ ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഒന്നര വർഷമായിട്ടും നടപടിയുണ്ടായില്ല. മർദ്ദനത്തെ രക്ഷാപ്രവർത്തനമെന്ന് പിണറായി വിജയൻ ന്യായീകരിച്ചതും വിവാദമായിരുന്നു.

വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് പുനരന്വേഷണം നടത്താൻ തീരുമാനിച്ചത്. അനിൽകുമാറിനും സന്ദീപിനുമെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. 2023 ഡിസംബർ 15ന് വൈകിട്ട് പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനു മുന്നിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനു സമീപം കരിങ്കൊടി കാട്ടിയ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ അകമ്പടി വാഹനത്തിലെ ഗൺമാനും സംഘവും മർദ്ദിക്കുകയായിരുന്നു. എ.ഡി. തോമസ് ഇപ്പോൾ ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA