SignIn
Kerala Kaumudi Online
Sunday, 17 May 2026 2.50 AM IST

പെരിങ്ങമ്മല കുടിവെള്ള പദ്ധതിക്ക് പുതുജീവൻ

photo

പാലോട്: മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരിങ്ങമ്മല കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നടപടി. മൂന്നു വർഷം മുൻപ് പെരിങ്ങമ്മല പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ജലസേചനവകുപ്പ് ആരംഭിച്ചുവെങ്കിലും നിശ്ചലാവസ്ഥയിലായിരുന്നു. തുടർപ്രവർത്തനങ്ങൾക്കായി അടിയന്തര നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഗ്രാമപഞ്ചായത്തിലെ പൊന്മുടി ഒഴികെ എല്ലാ വാർഡുകളിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയിലുൾപ്പെടുത്തി 123 കോടി രൂപയാണ് പദ്ധതിക്ക്‌ അനുവദിച്ചത്.പനങ്ങോട് ആയിരവില്ലി ക്ഷേത്രത്തിനു സമീപത്ത് ഒന്നേകാൽ ഏക്കർ സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിരുന്നു. ഇവിടെയാണ് നിർമ്മാണം ആരംഭിച്ചത്.

വഴിക്കായുള്ള സ്ഥലം വിട്ടുകിട്ടാൻ താമസം നേരിട്ടതാണ് പദ്ധതി വൈകിപ്പിച്ചത്. അതിനുള്ള ഭൂമിയും പഞ്ചായത്ത് ഏറ്റെടുത്തു നൽകി.

നിർമ്മാണം വൈകുന്നു

70സെന്റ് സ്ഥലം ട്രീറ്റ്‌മെന്റ് പ്ലാന്റിനും 30സെന്റ് സ്ഥലം ടാങ്ക് സ്ഥാപിക്കുന്നതിനും 10സെന്റ് സ്ഥലം കിണറും പമ്പിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുമായി തമ്പുരാൻവച്ചുണ്ടപാറയ്ക്കു സമീപവും വാങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് എട്ടുകോടി രൂപയും അനുവദിച്ചിരുന്നു.

ടാങ്കിന്റെയും കുളത്തിന്റെയും നിർമ്മാണം എങ്ങുമെത്തിയില്ല.

ചോഴിയക്കോട് അമ്മയമ്പലം മുതൽ തെന്നൂർ നരിക്കല്ലുവരെയും ഞാറനീലിമുതൽ മങ്കയം വരെയുമുള്ള പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടും. 30 വർഷമായി മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികളുടെ നിരന്തര ശ്രമങ്ങളെത്തുടർന്നാണ് പദ്ധതിക്ക് തുടക്കമായത്.

കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും

2026 സാമ്പത്തിക വർഷത്തിൽ പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായാൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും.വാമനപുരം നദിയിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് പദ്ധതിയിലൂടെ ജനങ്ങളിലെത്തിക്കുന്നത്. ഇതിനായി ദൈവപ്പുര ആറിനു സമീപം ജലസംഭരണി സ്ഥാപിക്കും.

കാര്യക്ഷമമല്ലാത്ത പദ്ധതിയും

നിലവിൽ പഞ്ചായത്തിൽ കുണ്ടാളംകുഴി, ഇടിഞ്ഞാർ എന്നീ രണ്ട് കുടിവെള്ള പദ്ധതികളാണുള്ളത്. ഇവ രണ്ടും കാര്യക്ഷമമല്ല. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകൾ ഉപയോഗശൂന്യമായ നിലയിലാണ്. വേനൽ കനക്കുന്നതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ