
മറുപടികേട്ട് അമ്പരന്ന്
പാർലമെന്ററി സമിതി
ന്യൂഡൽഹി: പ്രതികൾ അറസ്റ്റിലാവുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിട്ടും നീറ്റ് യു.ജി. ചോദ്യപേപ്പർ ചോർന്നുവെന്ന് പാർലമെന്ററി സമിതിക്കു മുന്നിൽ സമ്മതിക്കാൻ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) തയ്യാറായില്ല.
വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള സമിതിക്കു മുന്നിൽ ഹാജരായപ്പോഴാണ് എൻ.ടി.എ മേധാവി പ്രദീപ് കുമാർ ജോഷിയും ഡയറക്‌ടർ ജനറൽ അഭിഷേക് സിംഗും വിചിത്ര നിലപാട് സ്വീകരിച്ചത്.
ചോർച്ചയെന്ന് പറയാനാകില്ലെന്നും മറാത്തി ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ ചുമതലയുണ്ടായിരുന്ന ചില അദ്ധ്യാപകർ ചോദ്യങ്ങൾ ഓർമ്മയിൽ വച്ച് പുറത്തുവിട്ടതാണെന്നും വിശദീകരിച്ചു. സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി സ്ഥിരീകരിച്ചാൽ മാത്രമേ ചോദ്യപേപ്പർ ചോർച്ചയെന്ന് ഔദ്യോഗികമായി സമ്മതിക്കുകയുള്ളുവെന്നും സമിതിയെ അറിയിച്ചു. സമിതി അദ്ധ്യക്ഷനായ കോൺഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗും ഡീൻ കുര്യാക്കോസും അടക്കം മറ്റു പ്രതിപക്ഷ എം.പിമാരും ഈ നിലപാടിനെ ചോദ്യം ചെയ്തു. ഇതു ചോർച്ചയല്ലെങ്കിൽ പിന്നെയെന്തെന്ന് ദ്വിഗ്‌വിജയ് സിംഗ് ആരാഞ്ഞു. ഉദ്യോഗസ്ഥർ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ എൻ.ഡി.എ എം.പിമാർ ഉദ്യോഗസ്ഥരെ പിന്തുണച്ചു. സി.ബി.ഐയുടെ അന്തിമ റിപ്പോർട്ട് വരുന്നതു വരെ ഒരു നിഗമനത്തിലേക്കും എത്താൻ കഴിയില്ലെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. ജൂൺ 21ന് നിശ്ചയിച്ചിരിക്കുന്ന പുനഃപരീക്ഷയ്‌ക്ക് പഴുതടച്ച സംവിധാനമൊരുക്കിയെന്ന് എൻ.ടി.എ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രക്ഷിതാവായ
ഡോക്ടർ അറസ്റ്റിൽ
മകനുവേണ്ടി ചോദ്യപേപ്പർ സംഘടിപ്പിച്ച മഹാരാഷ്ട്ര ലാത്തൂരിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ. മനോജ് ശിശുരെയെ സി.ബി.ഐ അറസ്റ്റു ചെയ്തു. ആദ്യമായാണ് രക്ഷിതാവ് അറസ്റ്റിലാവുന്നത്. ചോദ്യപേപ്പർ പരിഭാഷപ്പെടുത്താൻ എൻ.ടി.എ നിയോഗിച്ചിരുന്ന രസതന്ത്രം അദ്ധ്യാപകൻ പി.വി. കുൽക്കർണി, മറ്റൊരു പ്രതി മഹാരാഷ്ട്രയിലെ 'രേണുകയ് കരിയർ സെന്റർ'(ആർ.സി.സി) ഡയറക്‌ടർ ശിവ്‌രാജ് മൊട്ടേഗാവോങ്കറെ എന്നിവരുമായി ഡോക്ടർ ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി. അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
രസതന്ത്രം ചോദ്യങ്ങളും ഉത്തരങ്ങളും കൈ കൊണ്ടെഴുതിയ 60 പേജിന്റെ പി.ഡി.എഫാണ് പ്രചരിച്ചതെന്ന് സി.ബി.ഐ കണ്ടെത്തി.
ഫീസ് തിരികെ ലഭിക്കാൻ
ഫീസ് തിരികെ ലഭിക്കാൻ neet.nta.nic.in സെറ്റിലെ ഫീ റീഫണ്ടിൽ ബാങ്ക് വിവരങ്ങൾ അടക്കം നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |