ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ലിയോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം 2.48 മിനിട്ട് ദൈർഘ്യമുള്ള ടീസറോടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നായക കഥാപാത്രത്തിന്റെ പേര് എന്ന നിലയിലാണ് ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ടീസറിൽ ചോക്കലേറ്റും വാളും ഒരേ സമയം നിർമ്മിക്കുന്ന നായകനെ കാണാം
തൃഷയാണ് ചിത്രത്തിലെ നായിക, 14 വർഷങ്ങൾക്ക് ശേഷം വിജയ്‌യും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്കിൻ, മൻസുർ അലിഖാൻ, ഗൗതം വാസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിൽ വേഷമിടുന്നു. ലോകേഷ് കനകരാജിനൊപ്പം രത്നകുമാർ, ധീരജ് വൈദി എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീതം അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അൻപറിവ്, എഡിറ്റിംഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ. സതീഷ് കുമാർ, നൃത്തം ദിനേശ്. ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |