ബിഷ്കെക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോൾ എറ്റവും മോശമായ അവസ്ഥയിലാണെന്നും, ഇത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മികച്ച തിരഞ്ഞെടുപ്പ് വിജയം ഉപയോഗിക്കുമെന്ന് താൻ കരുതുന്നുവെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ പ്രശ്‌നമുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ മോദി പരിഹാരം കാണണമെന്നും ഇമ്രാൻ പറഞ്ഞു. റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കുമായ്യി നടത്തിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത്.
കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്ക്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ രണ്ട് ദിവസം നീണ്ട സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദിയും ഇമ്രാനും എത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം നിലനിർത്താൻ എന്ത് തരം ചർച്ചകൾക്കും പാകിസ്ഥാൻ തയാറാണെന്നും മറ്റ് അയൽരാജ്യങ്ങളുമായും സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനുമായി നടന്ന 'മൂന്ന് ചെറിയ യുദ്ധങ്ങൾ' ഇരു രാജ്യങ്ങളെയും തകർത്തുവെന്നും, പാകിസ്ഥാനിലും ഇന്ത്യയിൽ ഇപ്പോൾ ദാരിദ്ര്യമാണ് പ്രധാന പ്രശ്നമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. ഈ സമ്മേളനത്തിലൂടെ ഇന്ത്യയുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിച്ചതിലും ഇമ്രാൻ നന്ദി അറിയിച്ചു.
എന്നാൽ, തീവ്രവാദത്തെ ഇല്ലാതാക്കാൻ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കാര്യമായ ശ്രമം ഉണ്ടാതിരിക്കുന്നിടത്തോളം കാലം, ചർച്ചകൾ നടത്താൻ ഇന്ത്യയ്ക്ക് യാതൊരു താൽപ്പര്യവും ഇല്ലെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനിൽ നിന്നും ഉണ്ടാകുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചും രാജ്യതലവന്മാർ ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |