തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതിക്കൊള്ളയ്ക്കെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന രാപ്പകൽ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. 14ന് വൈകിട്ട് 4 മണിമുതൽ 14 ന് രാവിലെ 10 വരെയാണ് സമരം.
സെക്രട്ടേറിയറ്രിന് മുന്നിലെ സമരം യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചാണ് സമരം.
ജില്ലകളിൽ പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം), രമേശ് ചെന്നിത്തല (തൃശൂർ), പി.ജെ. ജോസഫ് (ഇടുക്കി-തൊടുപുഴ), എ.എ. അസീസ് (കൊല്ലം), അനൂപ് ജേക്കബ് (പത്തനംതിട്ട) , മോൻസ് ജോസഫ് (ആലപ്പുഴ), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), സി.പി. ജോൺ (എറണാകുളം), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), രാജ് മോഹൻ ഉണ്ണിത്താൻ (കാസർകോട്, കാഞ്ഞങ്ങാട് ) എന്നിവർ ഉദ്ഘാടനം ചെയ്യും.
കൊടിക്കുന്നിൽ സുരേഷ്, എം.കെ. മുനീർ, എൻ.കെ. പ്രേമചന്ദ്രൻ, പി.എം.എ. സലാം, എ.എൻ. രാജൻ ബാബു, ജോൺ ജോൺ, മാണി സി. കാപ്പൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. 13ന് വയനാട് ജില്ലയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനമുള്ളതിനാൽ രാപ്പകൽ സമരം മറ്റൊരു ദിവസവും മുസ്ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലേത് 16,17 തീയതികളിലുമായിരിക്കും സംഘടിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |