തിരുവനന്തപുരം : ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെ.പി.സി.സിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരായ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സർക്കാരിനെയും അറിയിക്കാൻ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശൻ പറഞ്ഞു. അറസ്റ്റുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉയരുന്ന ജനകീയ പ്രതിഷേധം കേന്ദ്ര സർക്കാരിനെ ഗവർണർ മുഖേന അറിയിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പ്രതിഷേധ നടത്തത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ തോതിലുള്ള ആശങ്കയാണ് ഇന്ന് മതന്യൂനപക്ഷങ്ങൾക്കുള്ളതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എൻ. ശക്തൻ, മുൻ കെ.പി.സി.സി. പ്രസിഡന്റുമാരായ എം.എം. ഹസൻ, വി.എം. സുധീരൻ, കെ. മുരളീധരൻ, കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റുമാരയ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ പങ്കെടുത്തു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.എം.പി. ജനറൽ പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. സർക്കാരും പൊലീസും നേരിട്ട് തന്നെ മത പ്രചാരകരെ ജയിലിൽ അടച്ചിരിക്കുന്നു. ഇതിനെ സംബന്ധിച്ച് എന്ത് നിലപാടാണ് കേരളത്തിലെ ബി.ജെ.പിയ്ക്ക് ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളെ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ഫാദർ യുജിൻ പെരേര പറഞ്ഞു. സി.എം.പി. ജില്ലാ സെക്രട്ടി എം.ആർ. മനോജ്, എം.പി. സാജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |