തിരുവനന്തപുരം: ഇരുട്ടിന്റെ മറവിലാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുന്നതെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സർവകലാശാലയിലെ സമരം ഒറ്റരാത്രികൊണ്ട് അവസാനിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വർഗീയതയ്ക്ക് എതിരായ പോരാട്ടം എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ആരും അറിയാതെ അവസാനിച്ചത്. സർക്കാർ എപ്പോഴൊക്കെ പ്രതിസന്ധിയിലാകുമോ അപ്പോഴൊക്കെ ഗവർണർ പ്രശ്‌നമുണ്ടാക്കും. അതിനു പിന്നാലെ യഥാർത്ഥ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ സമരം നടത്തും. പിന്നീട് ഗവർണറും സർക്കാരും തമ്മിൽ കൂടിക്കാഴ്ചയും മധുരപലഹാര വിതരണവും നടത്തും.
ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നാടകമാണ് പുതിയ ഗവർണർ വന്നപ്പോഴും തുടരുന്നത്. സെനറ്റ് ഹാൾ മതസംഘടനയ്ക്ക് വാടകയ്ക്ക് കൊടുത്തത് എന്തിനാണ്. രാജ്ഭവനിൽ ആർ.എസ്.എസ് നേതാവിനെ കൊണ്ടുവന്ന് മുൻ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചപ്പോൾ സർക്കാരോ മുഖ്യമന്ത്രിയോ ഒന്നും മിണ്ടിയില്ല.
മോഹൻ കുന്നുമ്മൽ ആർ.എസ്.എസുകാരനാണെന്നാണ് ഇപ്പോൾ പറയുന്നത്. അദ്ദേഹത്തെ ആരോഗ്യ സർവകലാശാലയുടെ വി.സിയാക്കിയത് പിണറായി സർക്കാരാണ്. വി.സി ആയതിനുശേഷമാണോ അദ്ദേഹം ആർ.എസ്.എസ് ആയത്? സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |