തൃശൂർ: അതിരുകൾ മായിച്ച വിശ്വനാടക വേദിയിൽ അതിഥിയായെത്തി നടൻ ജയറാം. ഏറ്റവും വലിയ നാടകോത്സവത്തിനാണ് തൃശൂർ സാക്ഷ്യം വഹിക്കുന്നതെന്നും ഇതുപോലെയുള്ള നാടകങ്ങളിലൂടെയാണ് കുട്ടിക്കാലം സമ്പന്നമായിരുന്നതെന്നും ജയറാം ഓർമ്മിച്ചെടുത്തു.
മാനവികതയുടെ വീണ്ടെടുപ്പിനാണ് ഇറ്റ്‌ഫോക്ക് ആഹ്വാനം ചെയ്യുന്നത്. ജീവിതത്തിൽ പല അവസരങ്ങളിലും നല്ല ഗുരുക്കൻമാരെ ലഭിക്കാൻ തനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. മിമിക്രിയിൽ ആബേലച്ചനും സിനിമയിൽ പത്മരാജനും ഗുരുവായി. ചെണ്ടയിൽ അരങ്ങേറ്റം കുറിക്കാൻ മറ്റ് ഗുരുക്കൻമാരുണ്ടായിരുന്നു.
എന്നാൽ ഇന്നത്തെ അവസ്ഥയിൽ ഒരു കൂട്ടത്തിന് മുന്നിൽ മേളത്തിന്റെ ഭാഗമാകാൻ ആത്മവിശ്വാസം പകർന്ന ഗുരുനാഥൻ മട്ടന്നൂരാണ്. അദ്ദേഹം കേരള സംഗീത നാടക അക്കാഡമി ചെയർമാനായി സ്ഥാനമേൽക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ സാധിച്ചില്ല. ഇന്ന് ഇറ്റ്‌ഫോക്ക് അതിന് അവസരം ഒരുക്കിയെന്നും താരം പറഞ്ഞു. ഇറ്റ്‌ഫോക്ക് വേദികൾ കണ്ട താരം മേളകുലപതിയും ഗുരുനാഥനുമായ മട്ടന്നൂർ ശങ്കരൻകുട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളിയെ കണ്ട ജയറാം പഴയകാല ഓർമ്മകളും പങ്കുവച്ചു. നാടകം കാണാൻ കാത്തുനിന്നവരെ നേരിൽ കണ്ട താരം സെൽഫി എടുക്കാനും മറന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |