കൊച്ചി: ആഡംബര കാർ നിർമ്മാതാക്കളായ ലെക്‌സസിന്റെ ഗസ്‌റ്റ് എക്സ്പീരിയൻസ് സെന്റർ (ജി.ഇ.സി) കൊച്ചി സൗത്ത് കളമശേരിയിൽ എൻ.എച്ച്-66ൽ നിപ്പോൺ ടവേഴ്‌സിൽ തുറന്നു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
'ഹൗസ്‌ബോട്ട്" മാതൃകയിൽ ലോകോത്തര നിലവാരത്തിലാണ് സെയിൽസ്, സർവീസ്, സ്‌പെയേഴ്‌സ് സേവനങ്ങളുമായി (3എസ്) സെന്റർ ഒരുക്കിയിട്ടുള്ളത്. ഡൽഹി, മുംബയ്, ഹൈദരാബാദ്, ചണ്ഡീഗഢ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് നിലവിൽ ലെക്‌സസ് ജി.ഇ.സികളുള്ളത്.
ഇന്ത്യയിൽ ആഡംബര വാഹനവില്പന 2022ലെ 36-38,000 യൂണിറ്റുകളിൽ നിന്ന് ഈവർഷം 40,000 കടക്കുമെന്നാണ് പ്രതീക്ഷയെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. 6 മോഡലുകളാണ് ഇന്ത്യയിൽ ലെക്‌സസിനുള്ളത്. അഞ്ചും സ്വയം ചാർജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്‌ട്രിക് മോഡലുകളാണ്.
ഇ.എസ് 300 എച്ച് മോഡൽ ഇന്ത്യയിലാണ് നിർമ്മിച്ചത്. ലെക്‌സസ് കാറുകൾ നിർമ്മിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2025ഓടെ ലെക്‌സസിന്റെ മോഡലുകൾ പൂർണമായും ഇലക്‌ട്രിക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ് ശ്രേണിയിൽ 27 ശതമാനമാണ് കേരളത്തിന്റെ പങ്കെന്നും പുതിയ ജി.ഇ.സിയുടെ ആരംഭത്തോടെ കേരളത്തിലെ മൊത്തം ലെക്‌സസ് വില്പന മികച്ചനിലയിൽ വളരുമെന്നാണ് പ്രതീക്ഷയെന്നും ലെക്‌സസ് കൊച്ചി ജി.ഇ.സി ചെയർമാൻ എം.എ.എം.ബാബു മൂപ്പൻ പറഞ്ഞു.
വാഹനനിർമ്മാതാക്കൾക്ക്
സ്വാഗതം: മുഖ്യമന്ത്രി
വാഹനനിർമ്മാതാക്കൾക്ക് കേരളത്തിൽ ഫാക്‌ടറി സ്ഥാപിക്കാൻ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയതല വാഹനവില്പനയിൽ ശ്രദ്ധേയപങ്കാണ് കേരളം വഹിക്കുന്നത്. പക്ഷേ, ഇവിടെ നിർമ്മാണശാലകളില്ല. ഇതിനായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം ലെക്‌സസ് കൊച്ചി ജി.ഇ.സി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മന്ത്രിമാരായ പി.രാജീവ്, ആന്റണി രാജു, കൊച്ചി ലെക്‌സസ് സി.എം.ഡി എം.എ.എം.ബാബു മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |