കാട്ടാക്കട : കാട്ടാക്കട താലൂക്കിൽ പശുക്കൾക്ക് ലംബി രോഗം പടരുന്നതും യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് പശുക്കൾ ചാവുന്നതും നിത്യ സംഭവമായി മാറിക്കഴിഞ്ഞു. കാട്ടാക്കട, വെള്ളനാട്, നെയ്യാർ ഡാം, മടത്തികോണം, ആനാകോട്, ആര്യനാട്, പൂവച്ചൽ, ആലമുക്ക്, കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പശുക്കളിൽ ചർമ്മ മുഴ വ്യാപകമാകുകയാണ്. കണ്ടെത്തിയാൽ ഒരാഴ്ച കൊണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗം കണ്ടെത്തിയിട്ടും ചികിത്സിക്കാൻ ആളില്ലാത്തത് മൂലം മൂന്ന് പശുക്കളാണ് ഈയിടെ ചത്തത്. പൂവച്ചൽ പഞ്ചായത്തിലെ ആലമുക്ക് മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെയാണ് പശു ചത്തത്. പൂവച്ചൽ സ്വദേശിനി ധന്യയുടെ അറുപതിനായിരം രൂപ വിലയുള്ള പശുവാണ് ഏറ്റവുമൊടുവിൽ ചത്തത്. പ്രദേശത്തെ മൃഗാശുപത്രികളിൽ യഥാസമയം ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ ഹോമിയോയിൽ ഫലപ്രദമായ ചികിത്സ ഉണ്ടെന്ന് കണ്ട് ഹോമിയോ ആശുപത്രികളെ ആശ്രയിക്കുകയാണ് ക്ഷീരകർഷകരിപ്പോൾ. അതേസമയം ഹോമിയോ ജർമ്മൻ, ഫ്രാൻസ് മരുന്നിൽ ലംബിക്ക് ചികിത്സ കൊണ്ട് ഫലം കണ്ടതായി പശു ഉടമകളും പറയുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കിയാൽ പശുവിനെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയും.
ഡോക്ടർ അവധിയിൽ
പൂവച്ചൽ ആശുപത്രിയിൽ 20 ദിവസമായി ഡോക്ടർ അവധിയിലാണ്. പശുവിനെ ബാധിച്ച രോഗം പകരുമെന്ന പേടിയിലാണ് ഡോക്ടർ അവധിയിൽ പ്രവേശിച്ചതെന്ന ആക്ഷേപമുണ്ട്. പൂവച്ചലിൽ ഡോക്ടറില്ലാത്തതിനാൽ മാറനല്ലൂർ ആശുപത്രിയിലെ മൃഗ ഡോക്ടറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഈ ഡോക്ടറും യഥാസമയം എത്താറില്ലെന്ന് ക്ഷീര കർഷകർ പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തിൽ ഒരു മൃഗാശുപത്രിയും, വീരണകാവിൽ ഒരു സബ്സെന്ററുമാണുള്ളത്. പഞ്ചാത്ത് പ്രസിഡന്റ്, മറ്റ് വാർഡംഗങ്ങൾ എന്നിവർ ബന്ധപ്പെട്ടാൽ പോലും ഡോക്ടർ ഫോൺ എടുക്കാറില്ലെന്ന പരാതിയുമുണ്ട്.
ആശുപത്രി ഉപരോധിച്ചു
പശുക്കൾ ചാവുകയും ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്നതിനെതിരെ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആലമുക്ക് മൃഗാശുപത്രി ഉപരോധിച്ചു. കാട്ടാക്കട പൊലീസെത്തി ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി ഡോക്ടറെ നിയമിക്കാമെന്ന ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു സമരക്കാർ. ജില്ലാ ഓഫീസറുമായി നടത്തിയ ചർച്ചയിൽ നെടുമങ്ങാട് താലൂക്കിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസറെത്തി നിലവിലുള്ളതിനെക്കാൾ ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ കൂടി നിയമിക്കാമെന്നും വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്താമെന്നും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കട്ടയ്ക്കോട് തങ്കച്ചൻ, ആർ.അനൂപ് കുമാർ, ആർ.രാഘവലാൽ, സൗമ്യ ജോസ്, ലിജു സാമുവൽ, അജിലാഷ്.യു.ബി, ബോബി അലോഷ്യസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |