കണ്ണൂർ: വിഷപ്പാൽ വൻതോതിൽ അതിർത്തി കടന്ന് കേരളത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്തെ ക്ഷീരവികസന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നോക്കുകുത്തിയായി മാറുന്നു. ആവശ്യത്തിന് ജീവനക്കാരും മതിയായ പരിശോധന സംവിധാനങ്ങളുമില്ലാത്തതാണ് ഇവ അതിർത്തി കടന്നുവരാൻ കാരണമാകുന്നതെന്ന് ക്ഷീരവികസന വകുപ്പ് തന്നെ തുറന്ന് സമ്മതിക്കുന്നു.
പതിനാലു ജില്ലകളിലും ക്ഷീരവികസന വകുപ്പിന്റെ ഓരോ ലാബും കോട്ടയം, ആലത്തൂർ, കാസർകോട് ജില്ലകളിൽ മേഖലാ ലാബുകളും തിരുവനന്തപുരത്ത് സ്റ്റേറ്റ് ഡെയറി ലാബുമുണ്ട്. ഈ ലാബുകളും പരിശോധനാ സൗകര്യങ്ങളും അപര്യാപ്തമാണെന്നും ഇവർ തന്നെ പറയുന്നു. പാലിന് കേരളത്തിൽ വൻ ഡിമാൻഡുള്ളതിനാൽ ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വിഷപ്പാൽ വരുന്നുണ്ടെന്നാണ് ക്ഷീരവികസന വകുപ്പ് പറയുന്നത്. തമിഴ്നാട്, കർണാടക പാൽ ഫെഡറേഷനുകളിൽ നിന്നാണ് ഇറക്കുമതി.
കഴിഞ്ഞ മാസം തമിഴ്നാട്ടിൽ നിന്ന് യൂറിയ കലർത്തി എത്തിച്ച 12,750 ലിറ്റർ പാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടിച്ചിരുന്നു. കൊഴുപ്പ് കൂട്ടാനും കേടാകാതെ കൂടുതൽ ദിവസം സൂക്ഷിക്കാനുമാണ് രാസവസ്തുക്കൾ ചേർക്കുന്നത്.
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്‌ക്ക് ക്ഷീരവകുപ്പ് ഡയറക്ടർ നൽകിയ രേഖകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഈ പാലിൽ ശരീരത്തിന് ഹാനികരമായ യൂറിയ,ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ രാസവസ്‌തുക്കൾ ഉണ്ടെന്നാണ് രേഖകളിൽ പറയുന്നത്.
കേരളത്തിൽ ഒരു ദിവസത്തെ പാൽ ഉപയോഗം 91.5 ലക്ഷം ലിറ്റർ
ക്ഷീര സംഘങ്ങൾ മുഖേന സംഭരിക്കുന്നത് 25 ലക്ഷം ലിറ്റർ
ക്ഷീരവകുപ്പിന്റെ പരിശോധനാ ലാബുകൾ 21
യൂറിയ അമിതമായ അളവിൽ ഉള്ളിൽ ചെന്നാൽ മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. കരൾ, വൃക്ക പ്രവർത്തനം തടസ്സപ്പെടും. കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകും.
ഡോ. സുൾഫിക്കർ അലി, സംസ്ഥാന കമ്മിറ്റി അംഗം, ഐ.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |